മക്കളുടെ പഠനത്തിനായി ഭൂമി വിറ്റ പിതാവിന് ഇരട്ടി മധുരം; ഒരാൾക്ക് നീറ്റ്, മറ്റൊരാൾക്ക് ജെ.ഇ.ഇ
ഗയ: ‘മാതാപിതാക്കൾ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ഇനി അവർക്ക് തിരിച്ചു നൽകേണ്ടത് ഞങ്ങളുടെ ഊഴമാണ്’ – കഠിനാധ്വാനത്തിന്റെയും കുടുംബത്തിന്റെ ത്യാഗങ്ങളുടെയും കരുത്തിൽ രാജ്യത്തെ ഏറ്റവും കടുപ്പമേറിയ രണ്ട് പ്രവേശന പരീക്ഷകളിൽ വിജയം കൊയ്ത ബിഹാർ ഗയ സ്വദേശികളായ മോനു രാജിന്റെയും സോനു രാജിന്റെയും വാക്കുകളാണിത്. കേവലം ഒരു അക്കാദമിക് നേട്ടത്തിനപ്പുറം, മികച്ച ഭാവിക്കായി മാതാപിതാക്കൾ സഹിച്ച ത്യാഗങ്ങൾക്കുള്ള അംഗീകാരമായാണ് ഈ സഹോദരങ്ങൾ തങ്ങളുടെ വിജയത്തെ കാണുന്നത്.
ഗയയിലെ ധാന്യച്ചന്തയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന മനോജ് കുമാറാണ് ഇവരുടെ പിതാവ്. മക്കളെ മത്സരപ്പരീക്ഷ പരിശീലനത്തിനായി രാജസ്ഥാനിലെ കോട്ടയിലേക്ക് അയക്കുന്നത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെ, കുടുംബത്തിനുണ്ടായിരുന്ന രണ്ട് ചെറിയ കൃഷിഭൂമികളിൽ ഒന്ന് വിൽക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും ഒടുവിൽ ആ പ്രയത്നങ്ങൾ ഫലം കണ്ടു. മൂത്ത സഹോദരനായ സോനു രാജ് നീറ്റ് യുജി 2026-ൽ 636 മാർക്ക് നേടി ഡൽഹിയിലെ മെഡിക്കൽ സ്ഥാപനത്തിൽ പ്രവേശനം ഉറപ്പാക്കി. ജെഇഇ മെയിനിൽ 93 പെർസന്റൈൽ നേടിയ മോനു രാജിന് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മെസ്രയിൽ കെമിക്കൽ എൻജിനീയറിങ് പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിച്ചു.
എന്നാൽ വിജയത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കാൻ ഇരുവരും രണ്ട് വർഷം കുടുംബത്തിൽ നിന്ന് മാറി കോട്ടയിൽ ചെലവഴിച്ചു. സാമ്പത്തിക ഞെരുക്കങ്ങളും ആരോഗ്യപ്രശ്നങ്ങളും മാതാപിതാക്കളുടെ പ്രതീക്ഷകൾ നിറവേറ്റേണ്ടതിന്റെ സമ്മർദവും അവർ നേരിട്ടിരുന്നു. എങ്കിലും സ്വന്തം നിശ്ചയദാർഢ്യവും മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയും അവരെ മുന്നോട്ട് നയിച്ചു.
കുടുംബത്തെ പോറ്റുന്നതിനായി മനോജ് കുമാർ എപ്പോഴും ഒന്നിലധികം ജോലികൾ ചെയ്തിരുന്നു. ഗയയിലെ ധാന്യച്ചന്തയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനൊപ്പം, കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സഹായിക്കുന്നതിലൂടെ കമ്മീഷനും അദ്ദേഹം സമ്പാദിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരവും അദ്ദേഹം കൂലിപ്പണി ചെയ്തിട്ടുണ്ട്.
മക്കളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾ എക്കാലവും ശക്തമായ പ്രോത്സാഹനം നൽകി. ‘ചെലവുകൾ കൈകാര്യം ചെയ്യാൻ പ്രയാസപ്പെട്ട സമയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ മക്കളുടെ വിദ്യാഭ്യാസത്തിന് പണം ഒരു തടസ്സമാകാൻ ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചില്ല. അവരുടെ അച്ഛൻ കഠിനമായി അധ്വാനിച്ചു, ഞങ്ങൾ രണ്ടുപേരും അവരുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്തു’ അമ്മ രശ്മി ദേവി പറഞ്ഞു.
ജെഇഇ, നീറ്റ് പരീക്ഷകൾക്കായി കോട്ടയിലേക്ക് പോയ ഗയയിലെ വിദ്യാർഥികളെക്കുറിച്ച് അറിഞ്ഞ ശേഷമാണ് മോനു എൻജിനീയറിങ് എന്ന കരിയറിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അവരിൽ പലരും പിന്നീട് ഡോക്ടർമാരും എൻജിനീയർമാരുമായി മാറിയത് മോനുവിന് വലിയ പ്രചോദനമായി. പത്താം ക്ലാസിൽ 96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 84.5 ശതമാനവും മാർക്ക് നേടി മോനു പഠനത്തിൽ എപ്പോഴും മികവ് പുലർത്തിയിരുന്നു.
‘ജെഇഇ, നീറ്റ് തയാറെടുപ്പിനായി കോട്ടയിലേക്ക് പോയി, ഒടുവിൽ എൻജിനീയർമാരും ഡോക്ടർമാരുമായി മാറിയ നിരവധി വിദ്യാർഥികളെ ഞാൻ ഗയയിൽ കണ്ടിട്ടുണ്ട്. അവരുടെ വിജയം എനിക്കും സമാനമായ കാര്യങ്ങൾ നേടാനാകുമെന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ചു. കോട്ടയിലേക്ക് പോകാൻ തീരുമാനിക്കുന്നതിന് മുൻപ് ഞാൻ അവരിൽ ചിലരുമായി സംസാരിച്ചിരുന്നു.’ ജെഇഇ മെയിനിൽ 93 പെർസന്റൈൽ നേടിയ മോനു പറയുന്നു.
മക്കളെ കോട്ടയിലേക്ക് അയക്കുക എന്നത് വലിയൊരു സാമ്പത്തിക വെല്ലുവിളിയായിരുന്നു. പരിമിതമായ വരുമാനവും കുടുംബച്ചെലവുകളും കൈകാര്യം ചെയ്യുന്നതിനിടെ, കോച്ചിങ്ങിനും താമസച്ചെലവുകൾക്കും പണം കണ്ടെത്തുക കുടുംബത്തിന് എളുപ്പമായിരുന്നില്ല. കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്ന രണ്ട് ചെറിയ കൃഷിഭൂമികൾ ഭക്ഷണാവശ്യങ്ങൾ നിറവേറ്റാൻ സഹായിച്ചിരുന്നു. ഉൽപ്പന്നങ്ങളുടെ ഒരു ഭാഗം വിറ്റ് അധിക വരുമാനവും ഉണ്ടാക്കിയിരുന്നു.
‘ഞങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി ഞങ്ങൾ അക്ഷീണം പ്രയത്നിച്ചു, ഞങ്ങളുടെ പ്രയത്നങ്ങൾ ഫലം കണ്ടതിൽ സന്തോഷമുണ്ട്. അവർ ഞങ്ങൾക്ക് വേണ്ടി എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ചു. ഇനി കുടുംബത്തിന് മികച്ച ഭാവി കെട്ടിപ്പടുത്തും സമൂഹത്തിന് സംഭാവനകൾ നൽകിയും അവർക്ക് തിരിച്ചു നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കോട്ടയിൽ നിന്ന് ലഭിച്ച പഠനാന്തരീക്ഷവും മാർഗ്ഗനിർദേശവും ഞങ്ങളുടെ യാത്രയിൽ വലിയ പങ്കുവഹിച്ചു’ സോനു പറഞ്ഞു.