02/03/2026
[fontresizer_tawhidurrahmandear_widget]

‘ലക്ഷ്യം ഹിന്ദു സമൂഹത്തിന്റെ ഏകീകരണം’; മായാപൂരിൽ ഭക്തനായി അമിത് ഷാ

 ‘ലക്ഷ്യം ഹിന്ദു സമൂഹത്തിന്റെ ഏകീകരണം’; മായാപൂരിൽ ഭക്തനായി അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിലുള്ള മായാപൂർ സന്ദർശനവേളയിൽ സനാതന ധർമ്മത്തിന്റെയും ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതുവ മഹാസംഘ സ്ഥാപകൻ ഹരിചന്ദ് താക്കൂർ, ഗുരുചന്ദ് താക്കൂർ എന്നിവരുടെ സാമൂഹിക സംഭാവനകളെ അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം സ്മരിച്ചു. തൊട്ടുകൂടായ്മയ്‌ക്കെതിരായ പോരാട്ടത്തിലും വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലും മതുവ സമുദായം നടത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭക്തിസിദ്ധാന്ത സരസ്വതിയുടെ 152-ാം ജന്മവാർഷിക പരിപാടിയിൽ പങ്കെടുക്കവെ, താൻ ഇവിടെ എത്തിയിരിക്കുന്നത് കേന്ദ്രമന്ത്രിയായല്ല, മറിച്ച് ഭക്തി പ്രസ്ഥാനത്തിന്റെയും ഗൗഡീയ മഠത്തിന്റെയും ഒരു സാധാരണ ഭക്തനായാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭക്തി പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം നാദിയയാണെന്നും വികസിത ഭാരതത്തിന്റെയും സനാതന ധർമ്മത്തിന്റെയും സന്ദേശം ലോകമെമ്പാടും എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ അതിഥികൾക്ക് ഭഗവദ്ഗീത സമ്മാനിക്കുന്ന രീതി സാംസ്‌കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബംഗാളിലെ നിർണ്ണായക സ്വാധീനമുള്ള മതുവ സമുദായത്തെ ഒപ്പം നിർത്താൻ അമിത്ഷായുടെ സന്ദർശനം ബിജെപിക്ക് കരുത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എങ്കിലും സന്ദർശനത്തിൽ രാഷ്ട്രീയം കലർത്താൻ ആഭ്യന്തരമന്ത്രി ആഗ്രഹിക്കുന്നില്ലെന്നും സമുദായത്തോടുള്ള ആദരവാണ് ഇതിന് പിന്നിലെന്നുമാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Also read: