ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യ ലോക നേതാവായി മോദി
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്‌സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. 2014ൽ ഇൻസ്റ്റഗ്രാമിൽ അംഗമായ മോദിക്ക് നിലവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്.
ലോകത്തെ മറ്റ് പ്രമുഖ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ജനപ്രീതി ഏറെ മുന്നിലാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൊണാൾഡ് ട്രംപിന് 43.2 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമാണുള്ളത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ (15 ദശലക്ഷം), ബ്രസീൽ പ്രസിഡന്റ് ലുല (14.4 ദശലക്ഷം), തുർക്കി പ്രസിഡന്റ് എർദോഗൻ (11.6 ദശലക്ഷം), അർജന്റീന പ്രസിഡന്റ് ജാവിയർ മിലി (6.4 ദശലക്ഷം) എന്നിവരാണ് തൊട്ടുപിന്നാലെ. ഈ അഞ്ച് നേതാക്കളുടെയും ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ ഫോളോവേഴ്‌സ് എണ്ണം.
ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രധാനമന്ത്രി ബഹുദൂരം മുന്നിലാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (16.1 ദശലക്ഷം), രാഹുൽ ഗാന്ധി (12.6 ദശലക്ഷം) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
നിലവിൽ ഇസ്രയേൽ സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് ഇന്നലെ ഇസ്രയേൽ പാർലമെന്റ് (നെസെറ്റ്) പരമോന്നത ബഹുമതിയായ ‘സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ’ നൽകി ആദരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മോദി നൽകിയ നേതൃത്വപരമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത മോദി, ഇസ്രയേലിന്റെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും പ്രശംസിച്ചു. സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് അദ്ദേഹത്തിന്റെ പ്രസംഗത്തെ സ്വീകരിച്ചത്.