04/03/2026
[fontresizer_tawhidurrahmandear_widget]

സൈനികാഭ്യാസം പൂർത്തിയാക്കി ഇറാന്റെ നാവിക വ്യൂഹം തിരിച്ചെത്തി

 സൈനികാഭ്യാസം പൂർത്തിയാക്കി ഇറാന്റെ നാവിക വ്യൂഹം തിരിച്ചെത്തി

തെഹ്‌റാൻ: ദക്ഷിണാഫ്രിക്കയിൽ നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാന്റെ 103-ാമത് നാവിക വ്യൂഹം തിരിച്ചെത്തി. 100 ദിവസത്തോളം നീണ്ട സമുദ്രയാത്രയ്ക്ക് ശേഷം തെക്കുകിഴക്കൻ തുറമുഖ നഗരമായ കൊണാരക്കിലാണ് വ്യൂഹം നങ്കൂരമിട്ടത്.

ഇറാൻ നാവികസേനയുടെ മക്രാൻ ഫോർവേഡ് ബേസ് ഷിപ്പ്, ഷാഹിദ് നഖ്ദി ഡിസ്‌ട്രോയർ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ഷാഹിദ് മഹ്ദവി ഹെലികോപ്റ്റർ കാരിയർ എന്നിവയാണ് ഈ വ്യൂഹത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ തീരത്ത് നടന്ന ബ്രിക്‌സ് പ്ലസ് സംയുക്ത നാവികാഭ്യാസമായ ‘വിൽ ഫോർ പീസ് 2026’ൽ പങ്കെടുക്കാനായി ഡിസംബർ തുടക്കത്തിലാണു നാവികസംഘം യാത്ര തിരിച്ചത്.

ഇറാൻ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഇന്തോനേഷ്യ, ബ്രസീൽ, ഈജിപ്ത്, യുഎഇ എന്നീ ഒൻപത് രാജ്യങ്ങളിൽനിന്നുള്ള സേനകൾ നാവികാഭ്യാസത്തിൽ പങ്കെടുത്തിരുന്നു. വ്യോമ-നാവിക സേനകളുടെ 20-ലധികം യൂണിറ്റുകൾ പങ്കെടുത്ത അഭ്യാസത്തിൽ സെമി-ഹെവി ആയുധങ്ങൾ ഉപയോഗിച്ചുള്ള വെടിവയ്പ്പ് പരിശീലനങ്ങളും നടന്നു. സമുദ്ര സുരക്ഷ വർധിപ്പിക്കുക, അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക എന്നിവയായിരുന്നു അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സംയുക്ത സൈനികാഭ്യാസത്തിൽ ഇറാന്റെ പങ്കാളിത്തം തടയാൻ ചില ശ്രമങ്ങൾ നടന്നെങ്കിലും, ശക്തവും ഫലപ്രദവുമായ സാന്നിധ്യം അറിയിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് വ്യൂഹത്തിന്റെ കമാൻഡറായ അഡ്മിറൽ ഇമാദ് നെജാദ് മൊറിദി പറഞ്ഞു. അന്താരാഷ്ട്ര ജലത്തിൽ ഇറാന്റെ പതാക ഉയർത്തുക, സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ലോകത്തിന് കൈമാറുക എന്നതായിരുന്നു തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സമുദ്രാതിർത്തികളും താൽപര്യങ്ങളും അവസാന ശ്വാസം വരെ സംരക്ഷിക്കാൻ നാവികസേന ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: