30/03/2026
[fontresizer_tawhidurrahmandear_widget]

മിസൈൽ വീണു തകർന്ന കെട്ടിടങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷം; തെളിവുകൾ മായ്ച്ചുകളയുന്നോ? ചോദ്യങ്ങളുമായി ഇസ്രയേൽ ആക്ടിവിസ്റ്റ്

 മിസൈൽ വീണു തകർന്ന കെട്ടിടങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷം; തെളിവുകൾ മായ്ച്ചുകളയുന്നോ? ചോദ്യങ്ങളുമായി ഇസ്രയേൽ ആക്ടിവിസ്റ്റ്

ഗിൽ ഡിക്മാൻ എക്സില്‍ പങ്കുവച്ച ചിത്രം

തെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള സൂചനകളാണു പുറത്തുവരുന്നത്. യുദ്ധത്തിന്റെ ആദ്യയാഴ്ച പിന്നിട്ടപ്പോഴേക്കും 6,586 കെട്ടിടങ്ങൾ തകർന്നതായാണ് ഇസ്രയേൽ ടാക്‌സ് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 1,500ഓളം വാഹനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. എ്ന്നാൽ, മിസൈൽ ആക്രമണത്തിൽ തകർന്നടിയുന്ന കെട്ടിടങ്ങളും റോഡുകളും ആക്രമണ ആഘാതത്തി്# രൂപപ്പെടുന്ന ഗർത്തങ്ങളും മണിക്കൂറുകൾക്കുള്ളിൽ പൊടിപോലുമില്ലാതെ അപ്രത്യക്ഷമാകുന്ന അനുഭവമാണ് ഒരു ഇസ്രയേലി ആക്ടിവിസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തകർന്ന അവശിഷ്ടങ്ങൾ അതിവേഗം നീക്കം ചെയ്യുന്ന നഗരസഭയുടെ നടപടിയെ ഒരു വിഭാഗം പ്രശംസിക്കുമ്പോൾ, യുദ്ധത്തിന്റെ യഥാർഥ ആഘാതം ലോകത്തിൽ നിന്ന് മറച്ചുവെക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് നിരീക്ഷകർ ആരോപിക്കുന്നു.

ആക്ടിവിസ്റ്റും വർഷങ്ങളായി തെൽ അവീവ് നിവാസിയുമായ ഗിൽ ഡിക്മാൻ എക്‌സിൽ പങ്കുവച്ച ചിത്രങ്ങളാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. മിസൈൽ വീണ് തകർന്ന യഹൂദ ഹലേവി സ്ട്രീറ്റിലെ ഒരു ബഹുനില മന്ദിരത്തിന്റെ രണ്ടു ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു. ദിവസങ്ങൾക്ക് മുൻപ് തകർന്നു കിടന്ന കെട്ടിടത്തിന്റെ സ്ഥാനത്ത് ഇന്ന് റോഡുകൾ ടാർ ചെയ്തും കാറുകൾ പാർക്ക് ചെയ്തും സാധാരണ നിലയിലായിരിക്കുന്നു. നഗരസഭയുടെ അസാധാരണമായ വേഗത്തിലുള്ള ഇടെപടലിനെ അദ്ദേഹം പ്രശംസിച്ചെങ്കിലും, പോസ്റ്റ് മറ്റൊരു തലത്തിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നത്.

ഈ വേഗതയ്ക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് ഈജിപ്ഷ്യൻ മാധ്യമമായ ‘മസ്റാവി’ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ സർക്കാർ അനുവദിക്കാത്തതിനാൽ മിസൈലുകൾ എവിടെയാണ് പതിച്ചതെന്ന് തങ്ങൾക്ക് കാണിച്ചുതരാൻ കഴിയില്ലെന്ന് സിഎൻഎൻ റിപ്പോർട്ടർ എറിൻ ബർണെറ്റ് ഒരു തത്സമയ സംപ്രേക്ഷണത്തിനിടെ പറഞ്ഞത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണമുണ്ടെന്നതിന്റെ തെളിവാണിതെന്ന് നിരീക്ഷകർ പറയുന്നു.

ഇസ്രയേലിനെ ഇറാൻ എങ്ങനെയാണ് ശിക്ഷിക്കുന്നത് എന്ന് ലോകം കാണാതിരിക്കാൻ നെതന്യാഹു വിവരങ്ങൾ മറച്ചുവക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു. അതേസമയം, ആക്രമണത്തിലെ ആഘാതത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചാൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാകുമെന്നും അത് സൈന്യത്തിന്റെ മനോവീര്യം തകർക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ, അപകടകരമായ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ജനജീവിതം സാധാരണ നിലയിലാക്കുന്നത് നഗരസഭയുടെ പ്രാഥമിക കടമയാണെന്നാണ് ഇസ്രയേൽ അധികൃതരുടെ വിശദീകരണം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ വേഗത്തിലാക്കുന്നത്.

എന്നിരുന്നാലും, ആശുപത്രികളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതും ബാധിത പ്രദേശങ്ങളിൽ ഫോട്ടോ എടുക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനവും ക്യാമറകൾ പ്രവർത്തനരഹിതമാക്കിയതുമെല്ലാം ഇസ്രയേൽ ഭരണകൂടം വലിയ തോതിൽ വിവരങ്ങൾ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്ന ആരോപണത്തിന് ആക്കം നൽകുന്നതാണ്.

Also read: