ഗ്യാസ് തീർന്നു, ഉച്ചഭക്ഷണം മുടങ്ങി; സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി പാനിപൂരി
കൊൽക്കത്ത: രാജ്യത്ത് പാചകവാതക വിതരണത്തിലുണ്ടായ തടസ്സം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെയും ബാധിക്കുന്നു. പശ്ചിമ ബംഗാളിലെ ഒരു സർക്കാർ സ്കൂളിൽ പാചകവാതകക്ഷാമം മൂലം ഉച്ചഭക്ഷണത്തിന് പകരം വിദ്യാർത്ഥികൾക്ക് ‘ഫുച്ച്ക’ (പാനിപൂരി) നൽകുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഭദ്രകാളി ഹൈസ്കൂളിലെ അസിസ്റ്റന്റ് അധ്യാപികയായ നന്ദിത സർക്കാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. സ്കൂൾ മുറ്റത്ത് എത്തിയ പാനിപൂരി വിൽപ്പനക്കാരനിൽ നിന്നും വരിവരിയായി നിന്ന് ഭക്ഷണം വാങ്ങുന്ന കുട്ടികളെ വീഡിയോയിൽ കാണാം. ഓരോ വിദ്യാർത്ഥിക്കും അഞ്ചു മുതൽ ആറ് വരെ പാനിപൂരികളാണ് നൽകിയത്. ഉച്ചഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ബദൽ മാർഗ്ഗം സ്കൂൾ അധികൃതർ സ്വീകരിച്ചത്.
ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. പാചകവാതകമില്ലാത്ത സാഹചര്യത്തിലെ ക്രിയാത്മകമായ ഇടപെടലായി ചിലർ ഇതിനെ കാണുമ്പോൾ, വളരുന്ന കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരത്തിന് പകരമാവില്ല ഗോൾഗപ്പ എന്ന് വലിയൊരു വിഭാഗം ആശങ്കപ്പെടുന്നു.
ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണത്തിലുണ്ടായ ആഗോള തടസ്സങ്ങളാണ് ഇന്ത്യയിലും എൽപിജി പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ബംഗാളിന് പുറമെ ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളെയും ചെറുകിട അടുക്കളകളെയും സിലിണ്ടർ വിതരണത്തിലെ കാലതാമസം സാരമായി ബാധിച്ചിട്ടുണ്ട്. പാചകവാതക ലഭ്യത കുറഞ്ഞതോടെ പലയിടങ്ങളിലും ജനങ്ങൾ താൽക്കാലിക ബദൽ മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരാകുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്.