കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി; തളിപ്പറമ്പിൽ പി.കെ ശ്യാമളക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം മത്സരിക്കും
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലെ സിപിഎം കോട്ടകളിൽ അസ്വസ്ഥത പുകയുന്നു. തളിപ്പറമ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം തന്നെ രംഗത്തുവന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയ്ക്കെതിരെ ടി.കെ. ഗോവിന്ദനും, പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണനും സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ എന്ന പരിഗണനയിലാണ് പി.കെ. ശ്യാമളയ്ക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപം അണികൾക്കിടയിൽ ശക്തമാണ്. ഇതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്.
ശ്യാമളയ്ക്ക് കമ്യൂണിസ്റ്റ് ശൈലിയില്ലെന്നും അണികളുടെ പിന്തുണയില്ലെന്നും മണ്ഡലം കമ്മിറ്റിയിൽ വിമർശനം ഉയർന്നു. പ്രധാനമായും മയ്യിൽ മേഖലയിൽ നിന്നുള്ളവരാണ് എതിർപ്പുമായി രംഗത്തുള്ളത്. താഴെത്തട്ടിലെ പ്രതിഷേധം തണുപ്പിക്കാൻ പി. ജയരാജന് മണ്ഡലത്തിന്റെ ചുമതല നൽകിയിട്ടുണ്ടെങ്കിലും, ടി.കെ. ഗോവിന്ദന്റെ സ്ഥാനാർത്ഥിത്വം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പയ്യന്നൂർ മണ്ഡലത്തിൽ നിലവിലെ സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കും. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.
മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ ശൈലിയാണ് പിന്തുടരുന്നതെന്നും അദ്ദേഹത്തെ ഇടതുപക്ഷക്കാരനായി കാണാൻ കഴിയില്ലെന്നും കുഞ്ഞികൃഷ്ണൻ തുറന്നടിച്ചു. തന്റെ പോരാട്ടം പാർട്ടിയെ മാഫിയാ സംഘങ്ങളിൽ നിന്ന് രക്ഷിക്കാനാണെന്നും, ഇത് ഇടതുപക്ഷത്തിന് എതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.