ശ്രീരാമന്റെ കാൽപ്പാടുകൾ തേടി 17 പകൽ, 7560 കിലോമീറ്റർ; റെയിൽവേയുടെ പുണ്യയാത്ര ഉടൻ
ന്യൂഡൽഹി: രാജ്യത്തെ ആത്മീയ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഇന്ത്യൻ റെയിൽവേയുടെ ‘ശ്രീ രാമായണ യാത്ര’ ഈ മാസം 30-ന് ആരംഭിക്കുന്നു. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാന പുണ്യസ്ഥലങ്ങളെ കോർത്തിണക്കി ഐആർസിടിസി ഒരുക്കുന്ന ഈ പര്യടനം 17 പകലും 16 രാത്രികളും നീണ്ടുനിൽക്കുന്നതാണ്.
ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഡൽഹിയിലെ സഫ്ദർജങ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ അയോധ്യ, നന്ദിഗ്രാം, സീതാമർഹി, ജനക്പൂർ (നേപ്പാൾ), വാരണാസി, പ്രയാഗ്‌രാജ്, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം തുടങ്ങി 7,560 കിലോമീറ്ററോളം ദൂരമാണ് പിന്നിടുന്നത്.
ആധുനിക രീതിയിലുള്ള റെസ്റ്റോറന്റുകൾ, ഷവർ ക്യൂബിക്കിളുകൾ, കാൽ മസാജറുകൾ, സിസിടിവി സുരക്ഷ എന്നിവ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്:
- ഫസ്റ്റ് എസി: ₹1,64,940
- സെക്കൻഡ് എസി: ₹1,51,225
- തേർഡ് എസി: ₹1,14,100 (ട്രിപ്പിൾ ഒക്യുപെൻസി അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ നിരക്ക് ₹1,11,630 മുതൽ ലഭ്യമാണ്).
ട്രെയിൻ യാത്രയ്ക്ക് പുറമെ ത്രീ സ്റ്റാർ ഹോട്ടൽ താമസം, സസ്യാഹാരം, കാഴ്ചകൾ കാണുന്നതിനായി എസി വാഹനങ്ങൾ, ട്രാവൽ ഇൻഷുറൻസ്, ടൂർ മാനേജർമാരുടെ സേവനം എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. രാമജന്മഭൂമി ക്ഷേത്രം, ജാനകി ക്ഷേത്രം, ത്രയാംബകേശ്വര ക്ഷേത്രം, രാമനാഥസ്വാമി ക്ഷേത്രം തുടങ്ങി ചരിത്രപ്രധാനമായ നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ യാത്രയിലൂടെ അവസരമൊരുങ്ങും.