30/03/2026
[fontresizer_tawhidurrahmandear_widget]

വീണ്ടും പണിമുടക്കി ടോയ്‌ലെറ്റുകൾ, 30 മണിക്കൂർ നീണ്ട തീപ്പിടിത്തം; യുഎസ്എസ് ഫോർഡിൽ വൻ പ്രതിസന്ധി, യുദ്ധമുഖത്തുനിന്ന് പിൻവാങ്ങുന്നു

 വീണ്ടും പണിമുടക്കി ടോയ്‌ലെറ്റുകൾ, 30 മണിക്കൂർ നീണ്ട തീപ്പിടിത്തം; യുഎസ്എസ് ഫോർഡിൽ വൻ പ്രതിസന്ധി, യുദ്ധമുഖത്തുനിന്ന് പിൻവാങ്ങുന്നു

വാഷിങ്ടൺ/ദുബൈ: ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ കുന്തമുനയായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനി കപ്പൽ കടുത്ത പ്രതിസന്ധിയിൽ. കപ്പലിലെ ലോൺട്രി വിഭാഗത്തിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ വർഷങ്ങളായി തുടരുന്ന ടോയ്ലെറ്റ് പ്ലംബിങ് പ്രശ്‌നങ്ങളും രൂക്ഷമായതോടെ കപ്പലിനെ യുദ്ധമുഖത്തുനിന്ന് താൽക്കാലികമായി പിൻവലിക്കാൻ പെന്റഗൺ തീരുമാനിച്ചതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ് ആണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. 30 മണിക്കൂർ നീണ്ടുനിന്ന തീപിടിത്തത്തിൽ കപ്പലിലെ താമസസൗകര്യങ്ങൾ നശിച്ചതിനെത്തുടർന്ന് 600-ഓളം സൈനികർക്ക് തങ്ങളുടെ ബർത്തുകൾ നഷ്ടമായിരുന്നു.

ടോയ്ലെറ്റ് പ്രതിസന്ധി: 13 ബില്യൺ ഡോളറിന്റെ കപ്പലിലെ ‘നാണംകെട്ട’ പരാജയം

ലോകത്തെ ഏറ്റവും അത്യാധുനികവും ചെലവേറിയതുമായ പടക്കപ്പലാണ് യുഎസ്എസ് ഫോർഡ്. 13.3 ബില്യൺ ഡോളർ ആണ് ഇതിന്റെ വില. ലോകത്തെ തന്നെ ഏറ്റവും വലിയ പടക്കപ്പലാണിത്. എന്നാൽ, ഇത്രയും വലിയ സന്നാഹങ്ങളുണ്ടായിട്ടും വിചിത്രമായൊരു സാങ്കേതിക തകരാറാണ് കപ്പലിനെ വേട്ടയാടുന്നത്. കപ്പലിലെ വാക്വം അധിഷ്ഠിത സീവേജ് സിസ്റ്റം നിരന്തരം പണിമുടക്കുന്നത് 4,500-ഓളം വരുന്ന സൈനികരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

കപ്പലിലെ 650 ടോയ്ലെറ്റുകളിൽ ഭൂരിഭാഗവും ഒരേസമയം പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണുള്ളത്. ഒരു ടോയ്ലെറ്റ് ഉപയോഗിക്കാൻ സൈനികർക്ക് 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നു. ഇത് സൈനികരുടെ ജോലിഭാരത്തെയും മാനസികാവസ്ഥയെയും സാരമായി ബാധിച്ചു.

കപ്പലിലെ പൈപ്പുകൾക്ക് വീതി കുറവായതിനാൽ കാൽസ്യം അടിഞ്ഞുകൂടി പെട്ടെന്ന് ബ്ലോക്ക് ഉണ്ടാകുന്നു. ഇത് നീക്കം ചെയ്യാൻ ഒരു തവണ ‘ആസിഡ് ഫ്‌ലഷ്’ നടത്തുന്നതിന് മാത്രം അമേരിക്കൻ നാവികസേനയ്ക്ക് 4,00,000 ഡോളറാണ് (ഏകദേശം 3.3 കോടി രൂപ) ചെലവ് വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാണിജ്യ വിമാനങ്ങളിലെ ടോയ്ലെറ്റ് സംവിധാനം വലിയ മാറ്റങ്ങളില്ലാതെ ഇത്രയും വലിയ കപ്പലിൽ പരീക്ഷിച്ചതാണ് പരാജയത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

30 മണിക്കൂർ നീണ്ട തീപിടുത്തം; 600 സൈനികർക്ക് ദുരിതം

മാർച്ച് 12-ന് കപ്പലിലെ ലോൺട്രി വിഭാഗത്തിലുണ്ടായ തീപിടിത്തം 30 മണിക്കൂറിലധികം നീണ്ടുനിന്നു. യുദ്ധവുമായി ബന്ധമില്ലാത്ത ഒരു അപകടമായിരുന്നിട്ടും, ഇത് കപ്പലിന്റെ ആഭ്യന്തര സൗകര്യങ്ങളെ തകർത്തു. തീപിടിത്തത്തെത്തുടർന്നുണ്ടായ പുകയും നാശനഷ്ടങ്ങളും കാരണം 600-ഓളം സൈനികർക്ക് തങ്ങളുടെ കിടപ്പിടങ്ങൾ നഷ്ടമായി. ഇവർ ഇപ്പോൾ കപ്പലിന്റെ ഹാങ്ങറുകളിലും മെസ് ഹാളുകളിലുമാണ് തങ്ങുന്നത്.

പുക ശ്വസിച്ച് പരിക്കേറ്റ നിരവധി സൈനികർ കപ്പലിലെ മെഡിക്കൽ വിഭാഗത്തിൽ ചികിത്സ തേടിയിട്ടുണ്ട്. തീപിടിത്തം മൂലം ലോൺട്രി സംവിധാനം തകരാറിലായതോടെ സൈനികർക്ക് വസ്ത്രങ്ങൾ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാനെതിരായ ‘ഓപറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന കപ്പൽ പിൻവാങ്ങുന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. ടോയ്ലെറ്റ് പ്രശ്‌നങ്ങളും തീപിടിത്തവും കാരണം സൈനികർക്കിടയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. പല സൈനികരും സേവനം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു. കപ്പൽ അറ്റകുറ്റപ്പണികൾക്കായി ഗ്രീസിലെ സൗദ ബേയിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.

Also read: