‘വിവാഹ സർട്ടിഫിക്കറ്റില്ല എന്നേയുള്ളൂ, ഞങ്ങൾ ഒരു കുടുംബം’; ലിസിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് പ്രിയദർശൻ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചു ജീവിക്കുന്നുവെന്ന വാർത്തകൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. 2016-ൽ വിവാഹമോചിതരായ ഇരുവരും എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒന്നിച്ചിരിക്കുന്നത്. തങ്ങൾ ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെന്നും എന്നാൽ ഒരു കുടുംബമായി സന്തോഷത്തോടെ കഴിയുകയാണെന്നും പ്രിയദർശൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
അടുത്തിടെ ലിസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്നിരുന്നു. തുടർന്ന് പ്രിയദർശൻ തന്നെ ഇതിൽ വ്യക്തത വരുത്തുകയായിരുന്നു. “ഞങ്ങൾ വിവാഹം കഴിച്ചിട്ടില്ല, പക്ഷേ ഒരു കുടുംബം പോലെയാണ് കഴിയുന്നത്. വിവാഹ സർട്ടിഫിക്കറ്റ് എന്ന രേഖ കൈവശമില്ല എന്നേയുള്ളൂ, ഞങ്ങൾ ഒന്നിച്ചാണ്” എന്ന് പ്രിയദർശൻ പ്രതികരിച്ചതായി ദേശീയ മാധ്യമമായ മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് ആരാധകർക്കിടയിൽ സംശയങ്ങൾ തുടങ്ങിയത്. 1990-ലായിരുന്നു ഇവരുടെ വിവാഹം. ഏറെക്കാലത്തെ ദാമ്പത്യത്തിന് ശേഷം 2016-ൽ ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു. എന്നാൽ മക്കളായ കല്യാണിയുടെയും സിദ്ധാർത്ഥിന്റെയും സാന്നിധ്യത്തിലും പൊതുവേദികളിലും ഇരുവരും സൗഹൃദം നിലനിർത്തിയിരുന്നു. ഇപ്പോൾ ഇരുവരും വീണ്ടും ഒരു കൂരയ്ക്ക് കീഴിൽ എത്തിയത് മലയാള സിനിമാ പ്രേമികൾക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്.