28/03/2026
[fontresizer_tawhidurrahmandear_widget]

തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക്

 തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക്

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി കടുപ്പിച്ച് കേരള പോലീസ്. വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും 200 ഫേസ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും പോലീസ് നോട്ടീസ് അയച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസിന്റെ നടപടി. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകൾ വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണമായി നീക്കം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പോലീസിനെ ഉപയോഗിച്ച് വിമർശകരുടെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് ഇതിനകം തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

വിഷയം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സംഭവം തെരഞ്ഞെടുപ്പ് റാലികളിൽ സജീവമായി ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി മാറിയെന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് ടിഎംസി നേതാക്കൾ ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത തകർന്നതായും അവർ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും കമ്മീഷനെയും കോൺഗ്രസ് നേതൃത്വവും രൂക്ഷമായി വിമർശിച്ചു. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടും അത് തിരുത്തി മാപ്പ് പറയുന്നതിന് പകരം വിമർശിക്കുന്നവർക്ക് പോലീസ് നോട്ടീസ് അയക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഔദ്യോഗിക രേഖയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീൽ വന്നത് കേവലം സാങ്കേതിക പിഴവായി തള്ളിക്കളയാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.

Also read: