‘സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു, വീടിന്റെ ജപ്തിയിൽ പരിഹാരം കാണാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്’;- എം.കെ മുനീർ
കോഴിക്കോട്: വായ്പാ കുടിശ്ശികയെത്തുടർന്ന് തന്റെ വീട് ജപ്തി ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീർ. വ്യക്തിപരമായ ആവശ്യങ്ങൾക്കായി എടുത്ത ലോൺ ആയതിനാലാണ് പാർട്ടിയെ അറിയിക്കാതിരുന്നതെന്നും എന്നാൽ വാർത്ത പുറത്തുവന്നതോടെ പാർട്ടിയും നേതൃത്വവും തനിക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയിൽ പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുനീറിനുള്ളത്. കോഴിക്കോട് നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ എന്ന വീടിന് മേലാണ് ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിച്ചത്. മാർച്ച് 31-നകം കുടിശ്ശിക തീർക്കണമെന്നാണ് ബാങ്കിന്റെ നിർദ്ദേശം.
സംഭവം വാർത്തയായതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും തന്നെ നേരിട്ട് വിളിച്ചതായി എം.കെ മുനീർ പറഞ്ഞു. “വിഷമിക്കേണ്ടതില്ല, കൂടെയുണ്ടെന്ന് അവർ ഉറപ്പുനൽകി. സാമ്പത്തിക ബാധ്യത പാർട്ടി ഇടപെട്ട് പരിഹരിക്കാമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവെക്കാത്തതിനാലാണ് പാർട്ടി നേരത്തെ ഇതറിയാതിരുന്നത്. എംഎൽഎയായും മന്ത്രിയായും തനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളും പാർട്ടിയുടെ കരുതലാണ്. തന്റെ പിതാവിന് ശേഷം തന്നെ ഏറ്റവും കൂടുതൽ സംരക്ഷിച്ചിട്ടുള്ളത് മുസ്ലിം ലീഗ് ആണെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.