‘പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു, ഇപ്പോൾ അത് മാറി’: എസ്ഡിപിഐ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് എസ്ഡിപിഐ രംഗത്ത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ പ്രകടമായിരുന്ന ഭരണവിരുദ്ധ വികാരം ഇപ്പോൾ മാറിയതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് വ്യക്തമാക്കി. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ മുസ്‌ലിം ഏകീകരണം ഉണ്ടായിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ സർക്കാർ പിന്നീട് തങ്ങളുടെ നയങ്ങളിലും വിവിധ സംഘടനകളോടുള്ള സമീപനങ്ങളിലും വരുത്തിയ മാറ്റം വലിയ സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ തിരുത്തൽ നടപടികൾ മുസ്‌ലിം സമുദായത്തിനിടയിലെ അതൃപ്തി കുറയ്ക്കാൻ സഹായിച്ചെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അത്തരത്തിലുള്ള ഒരു ഏകീകരണം സർക്കാരിനെതിരെ നിലവിലില്ലെന്നും ലത്തീഫ് കൂട്ടിച്ചേർത്തു. മുസ്‌ലിം വോട്ടർമാരുടെ സമീപനത്തിൽ വന്ന ഈ മാറ്റം വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമാകും.