ട്രംപിനെതിരെ ‘നോ കിങ്സ്’ പ്രതിഷേധം; യുഎസിലും യൂറോപ്പിലും ദശലക്ഷങ്ങൾ തെരുവിലിറങ്ങി
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ അമേരിക്കയിലും യൂറോപ്പിലും ‘നോ കിങ്സ്’ റാലികളിൽ ദശലക്ഷങ്ങൾ പങ്കുചേരുന്നു. ഇറാനിലെ യുദ്ധം, ആക്രമണാത്മകമായ കുടിയേറ്റ കുടിയൊഴിപ്പിക്കൽ, ട്രാൻസ്ജെൻഡർ അവകാശങ്ങൾ റദ്ദാക്കൽ എന്നിവയ്ക്കെതിരെയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. മുൻപ് നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി സംഘടിപ്പിച്ച മൂന്നാം വട്ട റാലിയാണിത്.
മിനസോട്ടയായിരുന്നു ഇന്നലെത്തെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രം. സെന്റ് പോളിലെ മിനസോട്ട കാപ്പിറ്റോൾ പരിസരത്ത് പതിനായിരക്കണക്കിന് ആളുകൾ അണിനിരന്നു. പ്രശസ്ത റോക്ക് താരം ബ്രൂസ് സ്പ്രിങ്സ്റ്റീൻ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി ‘സ്ട്രീറ്റ്സ് ഓഫ് മിനിയാപൊളിസ്’ എന്ന ഗാനം അവതരിപ്പിച്ചു. ജനുവരിയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പൗരന്മാരായ റെനി നിക്കോൾ ഗുഡ്, അലക്സ് പ്രെറ്റി എന്നിവർക്കുള്ള ആദരമായാണ് അദ്ദേഹം ഗാനം ആലപിച്ചത്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരായ ജനങ്ങളുടെ പോരാട്ടം രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വാഷിങ്ടൺ ഡിസിയിൽ ലിങ്കൺ മെമ്മോറിയലിൽ നിന്ന് നാഷണൽ മാളിലേക്ക് നൂറുകണക്കിന് ആളുകൾ മാർച്ച് ചെയ്തു. “കിരീടം താഴെയിടൂ, കോമാളി”, “ഭരണമാറ്റം വീട്ടിൽ നിന്ന് ആരംഭിക്കുന്നു” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സിയാറ്റിൽ തുടങ്ങി 50 സംസ്ഥാനങ്ങളിലായി 3,100-ലധികം ഇടങ്ങളിൽ പരിപാടികൾ നടന്നു. ട്രംപിന്റെ ഭരണശൈലി സ്വേച്ഛാധിപത്യപരമാണെന്നും അമേരിക്കയിൽ അധികാരം ജനങ്ങൾക്കാണെന്നും പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.
അതേസമയം, വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞു. യഥാർത്ഥ പൊതുജന പിന്തുണയില്ലാത്ത “ഇടതുപക്ഷ ഫണ്ടിങ് നെറ്റ്വർക്കുകളുടെ” ഉൽപ്പന്നമാണ് ഈ റാലികളെന്നും ഇവ വെറും “ട്രംപ് ഡീറേഞ്ച്മെന്റ് തെറാപ്പി സെഷനുകൾ” മാത്രമാണെന്നും അവർ പരിഹസിച്ചു.
അമേരിക്കയ്ക്ക് പുറമെ ലണ്ടൻ, പാരീസ്, റോം തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. റോമിൽ ഇറ്റാലിയൻ സർക്കാരിന്റെ ജുഡീഷ്യറി പരിഷ്കരണങ്ങൾക്കെതിരെയും ഇറാനിലെ യുദ്ധത്തിനെതിരെയും ആയിരങ്ങൾ അണിനിരന്നു. ലണ്ടനിലും പാരീസിലും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രവാസികളായ അമേരിക്കക്കാരും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേർന്നു. ലോസ് ഏഞ്ചൽസിലും ഡാളസിലും പ്രതിഷേധത്തിനിടെ പോലീസുമായി ചെറിയ തോതിൽ സംഘർഷങ്ങളുണ്ടായതായും ചിലരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.