04/06/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ഇന്റലിജൻസ് താവളം തകർന്നു; വൻ വെളിപ്പെടുത്തൽ

 ഇറാൻ ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ഇന്റലിജൻസ് താവളം തകർന്നു; വൻ വെളിപ്പെടുത്തൽ

തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഇസ്രയേലിന് വൻ തിരിച്ചടി നേരിട്ടെന്ന് വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിലും സൈനിക താവളത്തിലും സാറ്റലൈറ്റ് സ്‌റ്റേഷനിലും നേരിട്ട് പതിച്ചതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്കുള്ളിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഇസ്രയേലിന്റെ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് താവളത്തിലാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടം സംഭവിച്ചത്. പ്രമുഖ നയതന്ത്ര-പ്രതിരോധ മാധ്യമമായ ‘സ്‌പൈടോക്ക്’ റിപ്പോർട്ടർ ജോനാഥൻ ബ്രോഡർ നടത്തിയ പ്രത്യേക അന്വേഷണ റിപ്പോർട്ടിലാണ് ഇസ്രയേലിന്റെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച വ്യോമാക്രമണത്തിന്റെ യഥാർത്ഥ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി 28-ന് തെൽ അവീവിലെ ചരിത്രപ്രസിദ്ധമായ ‘ലെവ് ഹാ ഇർ’ എന്ന റെസിഡൻഷ്യൽ മേഖലയിലുണ്ടായ വൻ സ്‌ഫോടനം അക്കാലത്ത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഒരു വലിയ ഫ്‌ലാറ്റ് സമുച്ചയം പൂർണമായി തകരുകയും ചുറ്റുമുള്ള നിരവധി കെട്ടിടങ്ങൾക്ക് കനത്ത കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ആ സ്‌ഫോടനത്തിൽ മേരി ആൻ വെലാസ്‌ക്വേസ് ഡി വെര എന്ന ഫിലിപ്പീൻസ് സ്വദേശിനിയായ ഹോം നഴ്‌സ് കൊല്ലപ്പെട്ടിരുന്നു. എന്നാൽ, ആ സ്‌ഫോടന സ്ഥലം ഇസ്രയേൽ സൈന്യത്തിന്റെ അതീവ പ്രതിരോധ ശേഷിയുള്ള ഒരു രഹസ്യ ഇന്റലിജൻസ് താവളത്തിന്റെ 50 അടി മാത്രം അകലെയായിരുന്നു എന്ന വസ്തുതയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലക്ഷ്യമിട്ടത് ഇസ്രയേൽ സൈന്യത്തിന്റെ കണ്ണായ ‘യൂണിറ്റ് 9900’

സ്‌ഫോടനം നടന്ന ഫ്‌ലാറ്റ് സമുച്ചയത്തിൽനിന്നു വെറും 50 അടി മാത്രം മാറിയാണ് ഇസ്രയേലിന്റെ ‘നാഷണൽ ജിയോഡെറ്റിക് ഇൻസ്റ്റിറ്റ്യൂട്ട്’ പ്രവർത്തിച്ചിരുന്നത്. ഇതാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലിന്റെ കൃത്യമായ ബ്ലാസ്റ്റ് റേഡിയസിനുള്ളിൽ അകപ്പെടുകയും കനത്ത തകർച്ച നേരിടുകയും ചെയ്തത്. അമേരിക്കയുടെ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ജിയോസ്‌പേഷ്യൽ ഏജൻസിക്ക് തുല്യമായി ഇസ്രയേലിൽ പ്രവർത്തിക്കുന്ന മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ‘യൂണിറ്റ് 9900’ന്റെ ആസ്ഥാനമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്.

ഇസ്രയേൽ പ്രതിരോധ സേനയുടെ എല്ലാവിധ ആധുനിക സൈനിക നീക്കങ്ങൾക്കും തന്ത്രങ്ങൾ മെനയുന്നത് ഈ യൂണിറ്റാണ്. ഉപഗ്രഹങ്ങളും അത്യാധുനിക വിമാനങ്ങളും ഉപയോഗിച്ച് വിഷ്വൽ, ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് ശേഖരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല. യുദ്ധഭൂമിയുടെ കൃത്യമായ മാപ്പിങ്, ശത്രുതാവളങ്ങൾ കണ്ടെത്തലും ലക്ഷ്യം നിശ്ചയിക്കലും, ഭൂപ്രകൃതി വിശകലനം, ശത്രുസൈന്യത്തിന്റെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കൽ, സുരക്ഷാ ഭീഷണികൾ മുൻകൂട്ടി കണ്ടെത്തൽ തുടങ്ങിയ ഇസ്രയേൽ സേനയ്ക്ക് ആവശ്യമായ ദൗത്യങ്ങളെല്ലാം ഏകോപിപ്പിച്ചിരുന്നത് ഈ കേന്ദ്രത്തിൽനിന്നായിരുന്നു.

കൂടാതെ ഗസ്സയിലും ലബനാനിലും ഇസ്രയേലി വ്യോമസേനാ പൈലറ്റുമാർക്കും തറനിരപ്പിലുള്ള കമാൻഡോകൾക്കും കെട്ടിടങ്ങളുടെ ഘടന മനസ്സിലാക്കാൻ ആവശ്യമായ അത്യാധുനിക ത്രീഡി മാപ്പുകൾ നിർമിച്ചുനൽകുന്നതും യൂണിറ്റ് 9900-ന്റെ കീഴിലുള്ള താഴ്ന്ന ഉയരത്തിൽ പറക്കുന്ന പ്രത്യേക ഡ്രോൺ സ്‌ക്വാഡുകളാണ്. ഇത്രയും തന്ത്രപ്രധാനമായ കേന്ദ്രത്തെയാണ് ജനവാസ മേഖലയുടെ മറവിൽ പ്രവർത്തിച്ചിട്ടും ഇറാൻ കൃത്യമായി മിസൈൽ അയച്ച് തകർത്തത്.

കണ്ണടച്ച് ഇസ്രയേലി മിലിട്ടറി സെൻസർഷിപ്പ്

ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഇത്തരമൊരു സൈനിക താവളത്തിന് കേടുപാടുകൾ സംഭവിച്ച വാർത്തയോ, അവിടെ ഇസ്രയേലി സൈനികർക്ക് നേരിട്ട നാശനഷ്ടങ്ങളോ ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇസ്രയേലിന്റെ കടുത്ത ‘മിലിട്ടറി സെൻസർഷിപ്പ്’ തന്നെയാണ് ഇതിനു കാരണം. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ തകർച്ച പുറത്തുവരുന്നത് ജനങ്ങൾക്കിടയിലും സൈന്യത്തിലും വൻ ഭീതിയുണ്ടാക്കുമെന്നും ശത്രുക്കളെ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി ഈ വിവരങ്ങളെല്ലാം സൈനിക സെൻസർമാർ പൂർണമായും വിലക്കുകയായിരുന്നു.

സംഭവം നടന്ന പ്രദേശത്തിന്റെ വെറും 50 അടി മാത്രം മാറിയാണ് ഈ താവളം സ്ഥിതി ചെയ്തിരുന്നത് എന്നതിനാൽ, ഇറാന്റെ ലക്ഷ്യം സാധാരണ ജനവാസ കേന്ദ്രമായിരുന്നില്ലെന്നും ഇസ്രയേലിന്റെ ഈ നാഷണൽ ജിയോഡെറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് തന്നെയായിരുന്നുവെന്നും സ്‌പൈടോക്ക് ഉറപ്പിച്ചുപറയുന്നു. നഗര ഹൃദയങ്ങളിൽ സാധാരണക്കാരുടെ വീടുകൾക്ക് നടുവിൽ ഇന്റലിജൻസ് താവളങ്ങൾ സ്ഥാപിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഈ സംഭവം അടിവരയിടുന്നു.

ഇസ്രയേലിലെ മറ്റ് രഹസ്യ താവളങ്ങളും ആക്രമിച്ചു

ഇന്റലിജൻസ് കേന്ദ്രത്തിനു പുറമെ, തൊട്ടടുത്ത ദിവസമായ മാർച്ച് ഒന്നിന് ഇസ്രയേൽ നഗരമായ ബെത് ഷെമേഷിൽ ഒമ്പത് പേരുടെ മരണത്തിനും 45-ലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഇറാന്റെ മറ്റൊരു മിസൈൽ ആക്രമണവും സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല എന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബെത് ഷെമേഷ് നഗരത്തിൽനിന്ന് വെറും മൂന്ന് മൈൽ മാത്രം ദൂരത്തിലാണ് ഇസ്രയേലിന്റെ അതീവ രഹസ്യ സൈനിക കേന്ദ്രങ്ങളായ തെൽ അസേക്ക റിഡ്ജ് മിലിട്ടറി ബേസ്, ഏലാ വാലി സാറ്റലൈറ്റ് സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തടയാൻ ശ്രമിച്ചപ്പോഴോ അല്ലെങ്കിൽ ലക്ഷ്യം തെറ്റിയോ ആണ് നഗരത്തിൽ പതിച്ചതെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇസ്രയേലിലെ ഇറാനിയൻ ചാരശൃംഖല

ഇസ്രയേലിന്റെ ഇത്രയും രഹസ്യമായ സൈനിക താവളങ്ങളുടെ കൃത്യമായ ജി.പി.എസ് കോർഡിനേറ്റുകളും വിവരങ്ങളും ഇറാന് എങ്ങനെ ലഭ്യമാകുന്നു എന്ന ചോദ്യത്തിന് ഇസ്രയേൽ കൗണ്ടർ എസ്പിയോണേജ് വിഭാഗം തന്നെ ഇപ്പോൾ മറുപടി നൽകുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ടെലഗ്രാം ചാനലുകൾ എന്നിവ വഴി നിരവധി ഇസ്രയേലി പൗരന്മാരെയും ചില ഐ.ഡി.എഫ് സൈനികരെയും വരെ ഇറാനിയൻ ഇന്റലിജൻസ് തങ്ങളുടെ ചാരന്മാരായി നിയമിച്ചിട്ടുണ്ടെന്നാണ് ഇസ്രയേൽ ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ക്രിപ്റ്റോകറൻസി വഴിയാണ് ഇവർക്ക് പ്രതിഫലം നൽകിയിരുന്നത്. ഇസ്രയേലിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളുടെ ചിത്രങ്ങൾ പകർത്തി അയക്കുക, വി.ഐ.പികളെയും ഉന്നത ഉദ്യോഗസ്ഥരെയും നിരീക്ഷിക്കുക, സൈനിക രേഖകൾ ചോർത്തുക എന്നിവയായിരുന്നു ഇവർക്ക് നൽകിയിരുന്ന ചുമതലകൾ. ഈ ഭീഷണി കടുത്തതോടെ ഇസ്രയേൽ നാഷണൽ പോലീസ് ഇറാനിയൻ ചാരന്മാരെ പിടികൂടാൻ മാത്രമായി ഒരു പ്രത്യേക സ്‌ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം ഇറാന് വേണ്ടി ചാരപ്പണി ചെയ്ത 50-ലധികം ഇസ്രയേലികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അമേരിക്കൻ കാരിയർ ഗ്രൂപ്പുകളുടെ പിന്തുണയോടെ ഇസ്രയേൽ പ്രതിരോധം ശക്തമാക്കുമ്പോഴും, ഇറാന്റെ മിസൈലുകൾക്ക് ഇസ്രയേലിന്റെ ഏറ്റവും സുരക്ഷിതമായ രഹസ്യ കോട്ടകളിലേക്ക് വരെ കൃത്യമായി തുളച്ചുകയറാൻ കഴിയുന്നു എന്നത് ട്രംപ് ഭരണകൂടത്തെയും നെതന്യാഹുവിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

Also read: