വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണം;’നിയമ ഭേദഗതി സഭയെ ബുദ്ധിമുട്ടിക്കുന്നത്; ബിജെപിക്ക് ഇരട്ടത്താപ്പ്’- ആശങ്കയുമായി ഓര്‍ത്തഡോക്സ് സഭ
കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ഓർത്തഡോക്‌സ് സഭ. നിയമപരിഷ്‌കാരം സഭയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പാണോ എന്ന് സംശയമുണ്ടെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രതികരിച്ചു. നിലവിലെ നിയമങ്ങൾ പാലിച്ച് മുന്നോട്ടുപോകുന്ന സ്ഥാപനങ്ങളെ പുതിയ വ്യവസ്ഥകൾ ബുദ്ധിമുട്ടിലാക്കുമെന്നും ഭേദഗതി പിൻവലിച്ചില്ലെങ്കിൽ പരസ്യമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുതിയ ഭേദഗതി പ്രകാരം വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് പുതുക്കിയില്ലെങ്കിൽ, പ്രസ്തുത സ്ഥാപനത്തിന്റെ ആസ്തികൾ സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകും. ഇത് ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ തകർക്കാനാണെന്ന ആക്ഷേപം ശക്തമാണ്.വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിന് കത്തയച്ചു. ന്യൂനപക്ഷങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നും ഭേദഗതിയിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ബിജെപിയുടെ യഥാർത്ഥ മുഖമാണ് വെളിപ്പെട്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കമാണിതെന്ന് കെ.സി വേണുഗോപാലും കുറ്റപ്പെടുത്തി.