’നേരിട്ടുള്ള സംവാദത്തിനല്ല; ഫേസ്ബുക്ക് സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്’ – മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംവാദം കൊഴുക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താൻ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത് നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് സംവാദത്തിന് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് കരുതുന്നതെന്നും ആ സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാരഡി പാട്ട് പാടിയ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വർണം കട്ടവർ എങ്ങനെയാണ് വീട്ടിലെത്തിയതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. നേമത്തെ എസ്ഡിപിഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, എൽഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുമായും സഹകരണം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ തങ്ങളെ സഹായിച്ചിട്ടുണ്ടാകാം. 2016-ൽ ബിജെപിക്ക് സൗകര്യമൊരുക്കിയ കോൺഗ്രസ് നിലപാടിനെ തിരുത്തി 2021-ൽ അവരുടെ അക്കൗണ്ട് പൂട്ടിച്ചത് എൽഡിഎഫാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ നിയന്ത്രണങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണക്ക് നൽകാൻ വൈകിയാൽ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും എല്ലാവരെയും ചേർത്തുപിടിച്ചാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.