11/04/2026
[fontresizer_tawhidurrahmandear_widget]

പശ്ചിമേഷ്യയിൽ ആശ്വാസം; രണ്ടാഴ്‌ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കയും ഇറാനും

 പശ്ചിമേഷ്യയിൽ ആശ്വാസം; രണ്ടാഴ്‌ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കയും ഇറാനും

തെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനത്തിൻ്റെ സമയപരിധി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇറാനും അംഗീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച നടന്നത്.

ഹോർമുസ് കടലിടുക്ക് വിപ്ലവ ഗാർഡിൻ്റെ മേൽനോട്ടത്തിൽ താൽക്കാലികമായി തുറന്നു കൊടുക്കാമെന്ന് ഇറാൻ സമ്മതിച്ചതോടെയാണ് നിർണായക വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു നാടകീയ നീക്കങ്ങൾ. ഇതോടെ സംഘർഷത്തിൻ്റെ മുൾമുനയിലായിരുന്ന ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലയ്ക്ക് താൽക്കാലികമെങ്കിലും ആശ്വാസത്തിൻ്റെ നാളുകളാണ് വരുന്നത്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് താൻ ആക്രമണത്തിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു. “ഇന്ന് രാത്രി ഇറാനിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്ന വിനാശകരമായ സൈനിക നീക്കം മാറ്റിവെക്കണമെന്ന് അവർ എന്നോട് അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് പൂർണമായും സുരക്ഷിതമായി തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിക്കുന്ന പക്ഷം രണ്ടാഴ്ചത്തേക്ക് ബോംബാക്രമണങ്ങൾ നിർത്തിവെക്കാൻ ഞാൻ സമ്മതിക്കുന്നു,” ട്രംപ് വ്യക്തമാക്കി.

ഇറാൻ നൽകിയ പത്തിന സമാധാന നിർദേശം അമേരിക്കയ്ക്ക് സ്വീകാര്യമാണെന്നും ഇതിന്മേൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം കൊണ്ടുവരാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയും ഈ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു നാഗരികതയ്ക്ക് ഇന്ന് അന്ത്യം കുറിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപനം വരുന്നതെന്നതും ശ്രദ്ധേയമാണ്. ഇതോടെ ഏപ്രിൽ 7 മുതൽ രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ ഉണ്ടാവില്ല. ഹോർമുസ് കടലിടുക്ക് ഉടൻ കപ്പൽ ഗതാഗതത്തിനായി തുറന്നു കൊടുക്കണം.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി സ്ഥിരീകരിച്ചു. ഇറാൻ സൈന്യത്തിന്റെ ഏകോപനത്തോടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ആഗോള എണ്ണവിപണിയിലുണ്ടായ വലിയ ആശങ്കകൾക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.

Also read: