11/04/2026
[fontresizer_tawhidurrahmandear_widget]

‘നമ്മുടെ ചിഹ്നം മോതിരം; വോട്ട് എൽഡിഎഫിന്’-പാലക്കാട് ചിറ്റൂരിൽ ഇടത് സ്ഥാനാർഥിക്ക് വോട്ട് ചോദിച്ച് എൻഡിഎ സ്ഥാനാർഥി

 ‘നമ്മുടെ ചിഹ്നം മോതിരം; വോട്ട് എൽഡിഎഫിന്’-പാലക്കാട് ചിറ്റൂരിൽ ഇടത് സ്ഥാനാർഥിക്ക് വോട്ട് ചോദിച്ച് എൻഡിഎ സ്ഥാനാർഥി

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കവെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥന. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിൽ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചെങ്കിലും രാഷ്ട്രീയ കേരളത്തിൽ ഇത് വലിയ ചർച്ചയായിരിക്കുകയാണ്.

ബിജെപിയും എൽഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. മണ്ഡലത്തിൽ നടക്കുന്നത് എൽഡിഎഫ്-ബിജെപി ‘ഡീൽ’ ആണെന്ന് തങ്ങൾ നേരത്തെ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്നും പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് സംശയമുണ്ടെന്നും ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ പ്രതികരിച്ചു. ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. സോഷ്യൽ മീഡിയയിലെ വ്യാജ പോസ്റ്റുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും ഇത്തരം ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നുമാണ് എൽഡിഎഫ് കേന്ദ്രങ്ങളുടെ വിശദീകരണം.

‘നമ്മുടെ ചിഹ്നം മോതിരം; വികസന തുടർച്ചയ്ക്ക് വോട്ട് എൽഡിഎഫിന്’ എന്നായിരുന്നു പോസ്റ്റിൽ ആഹ്വാനം ചെയ്തത്. വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന എൻഡിഎ സ്ഥാനാർഥിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ സ്‌ക്രീൻഷോട്ടുകളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പ് ദിവസം ഉണ്ടായ ഈ അപ്രതീക്ഷിത നീക്കം ചിറ്റൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്.

Also read: