17/04/2026
[fontresizer_tawhidurrahmandear_widget]

‘ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എംപിമാരുടെ അംഗസംഖ്യയിലെ അനുപാതം അതുപോലെ തുടരും’; ലോക്സഭയിൽ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

 ‘ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എംപിമാരുടെ അംഗസംഖ്യയിലെ അനുപാതം അതുപോലെ തുടരും’; ലോക്സഭയിൽ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂ‍ഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രകടിപ്പിച്ച ആശങ്കകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ. മണ്ഡലങ്ങൾ പുനർക്രമീകരിക്കുമ്പോൾ ഒരു സംസ്ഥാനത്തോടും പക്ഷപാതം കാണിക്കില്ലെന്നും ലോക്സഭയിലെ സംസ്ഥാനങ്ങളുടെ നിലവിലെ അംഗസംഖ്യാ അനുപാതം മാറ്റമില്ലാതെ തുടരുമെന്നും പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തി.

വനിതാ സംവരണ ബില്ലിനെക്കുറിച്ച് ചിലർ കള്ളപ്രചാരണം നടത്തുകയാണെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യത്തെ വടക്കൻ ഇന്ത്യയെന്നും തെക്കൻ ഇന്ത്യയെന്നും വിഘടിച്ചു കാണുന്നത് അനുവദിക്കില്ല. ഇത്തരം വിഘടിത കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമല്ല. “ഇക്കാര്യത്തിൽ ഉറപ്പ് വേണമെങ്കിൽ അത് നൽകാൻ ഞാൻ തയ്യാറാണ്. ഒരു അനീതിയും ആർക്കും സംഭവിക്കില്ല,” അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളെ ഭരണപ്രക്രിയയിൽ നിന്ന് മാറ്റിനിർത്തിയത് വലിയ പാപമാണ്. അതിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് ഈ ബിൽ. ഇത് സ്ത്രീകളുടെ ഔദാര്യമല്ല, അവരുടെ അവകാശമാണ്. മൂന്ന് പതിറ്റാണ്ടായി തടഞ്ഞുവെച്ച ഈ ബിൽ ഇനിയും വൈകിക്കരുത്, മോദി പറഞ്ഞു.

ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ സ്വാർത്ഥതയില്ല. ബില്ലിന്റെ ക്രെഡിറ്റ് പ്രതിപക്ഷം വേണമെങ്കിൽ എടുത്തോളൂ, തനിക്ക് അതിന്റെ ആവശ്യമില്ല. ബിൽ പാസായാൽ എല്ലാ പാർട്ടികൾക്കും താൻ നന്ദി അറിയിക്കും. പിന്നാക്ക വിഭാഗത്തിൽപ്പെട്ട താൻ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് ഭരണഘടനയുടെ കരുത്തുകൊണ്ടാണ്. അതേ കരുത്ത് വനിതകൾക്കും ലഭിക്കണം. രാഷ്ട്രീയ ലാഭത്തിനായി ഈ ബില്ലിനെ അളക്കരുത്.

ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള ഈ ചരിത്രപരമായ അവസരം ഇല്ലാതാക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമാണ് ചിലരെ ഈ ബില്ലിനെ എതിർക്കാൻ പ്രേരിപ്പിക്കുന്നതെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു.

2029-ലെങ്കിലും വനിതാ സംവരണം യാഥാർഥ്യമാക്കാൻ എല്ലാ എംപിമാരും ഒറ്റക്കെട്ടായി സഹകരിക്കണമെന്ന് മോദി അപേക്ഷിച്ചു. പുതിയ പാർലമെന്റ് മന്ദിരം പണിതപ്പോൾ തന്നെ വനിതാ അംഗങ്ങളുടെ വർധനവ് മുന്നിൽക്കണ്ട് അതിനുള്ള സ്ഥലം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാണിതെന്നും ജനാധിപത്യത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ ബില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Also read: