20/04/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലുമായുള്ള മുഴുവൻ കരാറുകളും റദ്ദാക്കണം; ​ഗസ്സയിലെയും ലബനാനിലെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയനോട് സ്പെയിൻ

 ഇസ്രയേലുമായുള്ള മുഴുവൻ കരാറുകളും റദ്ദാക്കണം; ​ഗസ്സയിലെയും ലബനാനിലെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയനോട് സ്പെയിൻ

മാഡ്രിഡ്: ഗസ്സയിലെയും ലബനനിലെയും സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഇസ്രയേലുമായുള്ള വ്യാപാര-സഹകരണ കരാറുകൾ ഉടൻ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് സ്പെയിൻ. ഈ മേഖലയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അതിനാൽ ഇസ്രയേലുമായുള്ള മുഴുവൻ സഹകരണ കരാറുകളും ഉടമ്പടികളും യൂറോപ്യൻ യൂണിയൻ പുനഃപരിശോധിക്കണമെന്നും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക മൂല്യങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഇസ്രായേലിന്റെ മുന്നേറ്റം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സ്പെയിൻ. അയർലൻഡും ഇതേ ആവശ്യം നേരത്തെ തന്നെ യൂറോപ്യൻ യൂണിയന് മുന്നിൽ വെച്ചിട്ടുണ്ട്. ഇസ്രായേലിന് നൽകിവരുന്ന പ്രത്യേക വ്യാപാര ഇളവുകളും നയതന്ത്ര മുൻഗണനകളും അവസാനിപ്പിക്കാൻ യൂറോപ്യൻ കമ്മീഷൻ തയ്യാറാകണമെന്നാണ് സ്പെയിൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.

ഇസ്രയേലിന്റെ നടപടികളിൽ പ്രതിഷേധിച്ച് അവർക്ക് ആയുധങ്ങൾ നൽകുന്നത് നിർത്തലാക്കണമെന്ന് സ്പെയിൻ നേരത്തെ തന്നെ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനുപുറമെ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനും സ്പെയിൻ മുന്നോട്ട് വന്നിട്ടുണ്ട്. പശ്ചിമേഷ്യൻ വിഷയങ്ങളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നയങ്ങളോട് പലപ്പോഴും സ്പെയിൻ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധസാധ്യതകളോടും സംഘർഷങ്ങളോടും സ്പെയിൻ സ്വീകരിച്ച നിലപാട് ഇതിന് ഉദാഹരണമാണ്. ഇറാന്റെ കാര്യത്തിൽ അമേരിക്കയും ഇസ്രയേലും സ്വീകരിക്കുന്ന തീവ്രമായ സൈനിക നിലപാടുകളെ സ്പെയിൻ അംഗീകരിച്ചിരുന്നില്ല. ഇറാനെതിരെ ഒരു യുദ്ധത്തിന് സ്പെയിൻ താല്പര്യപ്പെടുന്നില്ലെന്നും ഉപരോധങ്ങൾക്കും സൈനിക നീക്കങ്ങൾക്കും പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമായിരുന്നു അവരുടെ ശക്തമായ നിലപാട്.

അമേരിക്കയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ നടന്ന പല സൈനിക വിന്യാസങ്ങളിൽ നിന്നും സ്പെയിൻ തങ്ങളുടെ കപ്പലുകളെ പിൻവലിച്ചത് അന്ന് വലിയ വാർത്തയായിരുന്നു. ഇസ്രയേലിന്റെയും അമേരിക്കയുടെയും താല്പര്യങ്ങൾക്ക് വഴങ്ങാതെ സ്വന്തമായ വിദേശനയം നടപ്പിലാക്കുന്ന സ്പെയിനിന്റെ പുതിയ നീക്കം യൂറോപ്യൻ യൂണിയനുള്ളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഗസ്സയിലെയും ലബനനിലെയും ജനത നേരിടുന്ന ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സ്പെയിൻ ആവർത്തിക്കുന്നു.

Also read: