വടകര ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു
വടകര: വടകര ബിജെപിയിൽ പൊട്ടിത്തെറി.ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്‌ണന്റെ കോലം കത്തിച്ചു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വടകരയിലും നാദാപുരത്തും തർക്കങ്ങളുണ്ടായിരുന്നു.
അടക്കാതെരുവിലെ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ വിമതരും ഔദ്യോഗിക നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും തമ്മിൽ കൈയാങ്കളിയായി. പ്രവർത്തകർ ചേരിതിരിഞ്ഞ് അക്രമത്തിന് മുതിരുകയായിരുന്നു. വാക്കേറ്റം കടുത്തതോടെ നിരവധി പേർ ഓഫീസിനുമുന്നിൽ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി.നേതൃത്വത്തിനെതിരെ അണികൾ തെരുവിൽ ബിജെപിയുടെ ഔദ്യോഗിക പതാകയുമേന്തിയാണ് പ്രതിഷേധത്തിനെത്തിയത്. വടകര, നാദാപുരം മണ്ഡലങ്ങളിൽനിന്ന് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി പത്രിക നൽകിയ രണ്ടുപേർ ഉൾപ്പെടെ 9 പേരെയാണ് കഴിഞ്ഞ ദിവസം ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.
വടകരയിൽ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാർ എന്നിവരാണ് റിബലായി പത്രിക നൽകിയത്.ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ വി ഗണേശൻ, രവി വെള്ളൂർ, പി പി രാജൻ, പി കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ കെ ബാബു, വി ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്. തങ്ങൾ ഒരു പാർട്ടിയിലേക്കും പോകാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.