ട്രംപിന് മറുപടി തെരുവിൽ; തെഹ്റാനിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
തെഹ്റാൻ: ഇറാന്റെ പക്കലുള്ള മിസൈലുകളെല്ലാം തീർന്നുവെന്നും രാജ്യം സാമ്പത്തികമായി തകർന്നുവെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ പുച്ഛിച്ചുതള്ളി ഇറാൻ. തെഹ്റാനിലെ തെരുവുകളിൽ ബുധനാഴ്ച നടന്ന വമ്പൻ റാലിയിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ചാണ് ഇറാൻ തങ്ങളുടെ സൈനിക കരുത്ത് വിളംബരം ചെയ്തത്. മാരക പ്രഹരശേഷിയുള്ള ഖദർ, ഖൊറംഷഹർ-4 തുടങ്ങിയ ബാലിസ്റ്റിക് മിസൈലുകളാണു പ്രദർശനത്തിനു വച്ചിരുന്നത്.
അമേരിക്കൻ നാവിക ഉപരോധം കാരണം ഇറാൻ സാമ്പത്തികമായി തകർച്ചയിലാണെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടത്. കഴിഞ്ഞ രണ്ടുമാസത്തെ യുദ്ധത്തിലൂടെ അവരുടെ മിസൈൽ ശേഖരം ഏതാണ്ട് പൂർണമായും നശിച്ചു. ഇറാൻ നേതൃത്വം ഉടൻ തന്നെ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ട്രംപിന്റെ അവകാശവാദങ്ങൾ വെറും പൊള്ളയാണെന്നു തെളിയിച്ചുകൊണ്ടായിരുന്നു തെഹ്റാനിലെ ഇംഗിലാബ് സ്‌ക്വയറിൽ നടന്ന റാലി. 2,000 കിലോമീറ്ററിലധികം പ്രഹരപരിധിയുള്ള ഖൊറംഷഹർ-4 മിസൈലുകളും ക്ലസ്റ്റർ ബോംബുകൾ വർഷിക്കാൻ ശേഷിയുള്ള ഖദർ മിസൈലുകളും റാലിയിൽ പ്രദർശിപ്പിച്ചു. നഗരത്തിൽ തടിച്ചുകൂടിയ ജനങ്ങൾ വലിയ ആവേശത്തോടെയാണ് സൈന്യത്തിന്റെ ശക്തിപ്രദർശനം ഏറ്റെടുത്തത്.
യുദ്ധം തുടങ്ങി 60 ദിവസത്തിനുള്ളിൽ തങ്ങളുടെ കൈവശമുള്ള ലോഞ്ചറുകളുടെ എണ്ണം 60 ശതമാനത്തോളം പുനഃസ്ഥാപിച്ചതായി ഇറാൻ സൈനികവൃത്തങ്ങൾ അവകാശപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ഉപരോധം തുടരുകയാണെങ്കിൽ മേഖലയിലെ എണ്ണ ഉൽപാദനം പൂർണമായും തടയുമെന്നും ഇസ്രായേലിന് പുറമെ തങ്ങളെ ആക്രമിക്കാൻ സഹായിക്കുന്ന അയൽരാജ്യങ്ങളിലെ എണ്ണക്കമ്പനികളെയും ലക്ഷ്യം വെക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
ഇറാൻ പ്രദർശിപ്പിച്ച മിസൈലുകളിൽ അയൽരാജ്യങ്ങളിലെ എണ്ണക്കമ്പനികളെയും ഗ്യാസ് പ്ലാന്റുകളെയും ലക്ഷ്യം വെക്കുന്ന ചിത്രങ്ങൾ പതിപ്പിച്ചിരുന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ സൈനിക കരുത്ത് ചോർന്നിട്ടില്ലെന്നും ഏത് തരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്നുമാണ് മിസൈൽ പ്രദർശനത്തിലൂടെ ഇറാൻ വ്യക്തമാക്കുന്നത്.