24/04/2026
[fontresizer_tawhidurrahmandear_widget]

‘ഇടതുസർക്കാർ തന്നെ വരണം’, എങ്കിലേ ബി.ജെ.പിക്ക് കേരളം ഭരിക്കാൻ കഴിയൂവെന്ന് സ്വാമി ചിദാനന്ദപുരി

 ‘ഇടതുസർക്കാർ തന്നെ വരണം’, എങ്കിലേ ബി.ജെ.പിക്ക് കേരളം ഭരിക്കാൻ കഴിയൂവെന്ന് സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: കേരളത്തിൽ ബി.ജെ.പിക്ക് ഭരണത്തിലെത്താൻ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കണമെന്ന പ്രസ്താവനയുമായി കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അധികാരത്തിലിരിക്കുന്നത് സി.പി.എമ്മിന്റെ കരുത്ത് കുറയ്ക്കുമെന്നും കോൺഗ്രസ് തകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരവീര്യമാണ് സി.പി.എമ്മിന്റെ അടിത്തറയെന്നും തുടർച്ചയായി അധികാരത്തിൽ തുടരുന്നത് ആ പോരാട്ടവീര്യം ഇല്ലാതാക്കുമെന്നും സ്വാമി പറഞ്ഞു. അതേസമയം, അധികാരം ഇല്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. ഒരുവട്ടം കൂടി പ്രതിപക്ഷത്തിരിക്കേണ്ടി വന്നാൽ കോൺഗ്രസ് ദുർബലമാകും. ഇങ്ങനെ സി.പി.എമ്മിന്റെ കരുത്ത് കുറയുകയും കോൺഗ്രസ് തകരുകയും ചെയ്യുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് കേരളത്തിൽ അധികാരം പിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടർമാരുടെ നിസ്സംഗതയെയും അദ്ദേഹം വിമർശിച്ചു. വോട്ടെടുപ്പ് ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത് മൂന്ന് ലക്ഷം പേരാണ്. ഹിന്ദുക്കളിൽ വലിയൊരു വിഭാഗം വോട്ട് ചെയ്തില്ല എന്നതിന്റെ തെളിവാണിത്. എന്നാൽ മുസ്ലിം വിഭാഗം രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി വോട്ട് ചെയ്തു. ഇക്കാര്യത്തിൽ അവരെ കണ്ടു പഠിക്കണമെന്നും സമുദായത്തിന് കൃത്യമായ ലക്ഷ്യബോധം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നത് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.

നന്ദഗോവിന്ദം ഭജൻസ് ഗ്രൂപ്പ് ക്രൈസ്തവ ഭക്തിഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും സ്വാമി നിലപാട് വ്യക്തമാക്കി. ഗാനമേളകളിൽ ഏത് മതത്തിന്റെ പാട്ടും പാടാമെങ്കിലും ഭജനയിൽ ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട പാട്ടുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകേണ്ടത്. മതേതരത്വം കാണിക്കാൻ ഭജനയിൽ മറ്റു മതങ്ങളുടെ പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല. ഹൈന്ദവ ഭക്തിഗാനങ്ങൾ മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിൽ സ്വീകരിക്കപ്പെടുമോ എന്ന് അദ്ദേഹം ചോദിച്ചു.

നന്ദഗോവിന്ദം ഭജന നടന്ന നാട്ടിലെ പള്ളികളിൽ ഹൈന്ദവ ഭക്തിഗാനം പാടാൻ അനുവദിക്കുമെങ്കിൽ ക്ഷേത്രങ്ങളിൽ തിരിച്ച് അനുവദിക്കുന്നതിൽ തെറ്റില്ലെന്നും ചിദാനന്ദപുരി പറഞ്ഞു. ഭജന വിവാദത്തിൽ ഗായകൻ കെ.ജെ യേശുദാസിനെ വലിച്ചിഴയ്ക്കുന്നതിൽ അർത്ഥമില്ല. യേശുദാസ് വെറുമൊരു ഗായകൻ മാത്രമാണെന്നും ‘ആയിരം കാതം അകലെയാണെങ്കിലും’ എന്ന ഗാനം പാടിയത് കൊണ്ട് അദ്ദേഹത്തെ മക്കയിൽ പ്രവേശിപ്പിക്കുമോ എന്നും സ്വാമി ചിദാനന്ദപുരി ചോദിച്ചു.

Also read: