25/04/2026
[fontresizer_tawhidurrahmandear_widget]

‘മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും പുറത്തെടുത്തിട്ടില്ല’; ട്രംപിന് മറുപടിയുമായി ഇറാൻ

 ‘മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും പുറത്തെടുത്തിട്ടില്ല’; ട്രംപിന് മറുപടിയുമായി ഇറാൻ

തെഹ്റാൻ: ഇറാന്റെ മിസൈൽ ശേഖരം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കു ശക്തമായ മറുപടിയുമായി ഇറാൻ. ഇറാന്റെ പക്കലുള്ള മാരക പ്രഹരശേഷിയുള്ള മിസൈലുകളുടെ വലിയൊരു ഭാഗം ഇനിയും യുദ്ധമുഖത്ത് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ശത്രുക്കളെ നേരിടാൻ രാജ്യം പൂർണസജ്ജമാണെന്നും ഇറാൻ പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലെയ്‌നിക് വ്യക്തമാക്കി.

ഇറാൻ ഇതുവരെ നടത്തിയ മിസൈൽ ആക്രമണങ്ങൾ തങ്ങളുടെ ആയുധപ്പുരയുടെ ചെറിയൊരു ശതമാനം മാത്രമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ‘ഞങ്ങളുടെ പക്കലുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പർസോണിക് സാങ്കേതികവിദ്യയും ഇനിയും പൂർണമായി ഉപയോഗിച്ചിട്ടില്ല. ട്രംപ് പറയുന്നത് പോലെ മിസൈലുകൾ തീർന്നുപോയിട്ടില്ല, മറിച്ച് കൃത്യമായ സമയത്തിനായി അവ കരുതിവെച്ചിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ആയിരത്തിലധികം തരം ആയുധങ്ങൾ ഇറാൻ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുണ്ടെന്ന് ജനറൽ റെസ തലെയ്‌നിക് വെളിപ്പെടുത്തി. ‘കഴിഞ്ഞ 25 വർഷത്തെ നിക്ഷേപത്തിന്റെയും തയാറെടുപ്പിന്റെയും ഫലമായാണ് നമ്മുടെ പ്രതിരോധ വ്യവസായം ഇന്ന് കാണുന്ന വളർച്ച കൈവരിച്ചത്. ചില ഉൽപാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ പോലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംവിധാനങ്ങൾ വഴി ആയുധ നിർമാണം തടസ്സമില്ലാതെ തുടരും,’ ബ്രിഗേഡിയർ ജനറൽ റെസ പറഞ്ഞു. ഏതാണ്ട് 9,000 കമ്പനികളാണ് പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് ആയുധ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയുടെ നിയമവിരുദ്ധമായ നാവിക ഉപരോധത്തിന് പകരമായി ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ‘ഹോർമുസ് കടലിടുക്ക് ഇന്ന് ഇറാനിയൻ ജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഒരു നിയന്ത്രണശക്തിയായി മാറിയിരിക്കുന്നു. ഒമാൻ കടലിൽ ശത്രുസൈന്യത്തെ പിന്തിരിപ്പിക്കാൻ നമ്മുടെ സേനയ്ക്ക് പലതവണ സാധിച്ചു,’ വക്താവ് പറഞ്ഞു.

ഇറാൻ ഭരണകൂടത്തിന് പിന്തുണയുമായി രാജ്യമെമ്പാടും നടന്ന റാലികളെ അദ്ദേഹം സാമൂഹികമായ വിസ്മയം എന്നാണ് വിശേഷിപ്പിച്ചത്. ശത്രുക്കളെ പ്രതിരോധിക്കാൻ സന്നദ്ധരായി മൂന്ന് കോടിയിലധികം പൗരന്മാർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ജനകീയ മുന്നേറ്റമാണെന്നും ബ്രിഗേഡിയർ ജനറൽ റെസ തലെയ്‌നിക് കൂട്ടിച്ചേർത്തു.


Also read: