‘ഉറക്കത്തിൽ കാലിൽ എന്തോ ചുറ്റിയത് പോലെ… പുതപ്പ് മാറ്റി നോക്കിയപ്പോ പാമ്പ്’; പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു
കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
‘രാത്രി ഞാൻ കിടന്നുറങ്ങിയായിരുന്നു. ഒരു 11 മണി ഒക്കെ ആയപ്പോൾ എനിക്കൊരു കോൾ വന്നു. കോൾ എടുത്ത സമയത്ത് കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. അപ്പോൾ ജസ്റ്റ് ഒന്ന് ഫ്ലാഷ് ഓൺ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോൾ പാമ്പ്’. വിഷമുള്ള പാമ്പ് തന്നെയാണ് കടിച്ചതെന്നും എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അൻസാർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെമാത്രം പാമ്പ് കടിയേറ്റ 32 പേരെയാണ് 108 ആംബുലൻസുകൾ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പാമ്പുകടി കേസുകളുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് മൂന്നും പത്തനംതിട്ടയിൽ രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു.