28/04/2026
[fontresizer_tawhidurrahmandear_widget]

യുകെജി വിദ്യാർത്ഥിക്ക് 1200 രൂപയ്ക്ക് 4 നോട്ട്ബുക്ക്; ഉടൻ വാങ്ങിയില്ലെങ്കിൽ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് പ്രിൻസിപ്പൽ

 യുകെജി വിദ്യാർത്ഥിക്ക് 1200 രൂപയ്ക്ക് 4 നോട്ട്ബുക്ക്; ഉടൻ വാങ്ങിയില്ലെങ്കിൽ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് പ്രിൻസിപ്പൽ

ലക്‌നൗ: യുകെജിയിൽ പഠിക്കുന്ന കുട്ടിക്ക് 1200 രൂപയുടെ നോട്ട്ബുക്കുകൾ വാങ്ങണമെന്ന നിർദേശത്തെ തുടർന്ന് സാവകാശം ചോദിച്ച രക്ഷിതാവിനെ അധിക്ഷേപിച്ച് സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ. ഉത്തർപ്രദേശിലെ ഹർദോയിലുള്ള സൺബീം സ്‌കൂളിലാണ് സംഭവം. ഏപ്രിൽ 24ന് രക്ഷിതാവിനോട് പ്രിൻസിപ്പൽ മോശമായി പെരുമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വയറലായിട്ടുണ്ട്. സ്‌കൂളിൽ നിന്ന് തന്നെ നോട്ട്ബുക്കുകൾ നിർബന്ധമായും വാങ്ങണമെന്ന പ്രിൻസിപ്പൽ മമത മിശ്രയുടെ നിർദേശത്തെ തുടർന്നാണ് നീലം വർമ്മയെന്ന രക്ഷിതാവ് 15 ദിവസത്തെ സമയം ചോദിച്ചത്.

എന്നാൽ ഇക്കാരണത്താൽ കുട്ടിയെ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ വിദ്യാഭ്യാസമില്ലാത്തയാളെന്നും സംസ്‌കാരമില്ലാത്തവരെന്നും അധിക്ഷേപിച്ചതായും രക്ഷിതാവ് ജില്ലാ മജിസ്‌ട്രേറ്റിൽ പരാതിപ്പെട്ടു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്യേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി അധികൃതർ വ്യക്തമാക്കി.

അതേസമയം തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് പ്രിൻസിപ്പൽ മമത മിശ്രയും രംഗത്തെത്തിയിട്ടുണ്ട്. പുറത്തുവന്നത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും, പ്രവേശന ഫീസായ 1300 രൂപ കുറച്ചുനൽകാൻ രക്ഷിതാവ് നിർബന്ധിച്ചതാണ് തർക്കത്തിന് കാരണമെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവം വിവാദമായതോടെ സ്വകാര്യ സ്‌കൂളുകൾ അമിത ഫീസും പുസ്തകങ്ങളുടെ ഉയർന്ന വിലയും ഈടാക്കി രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Also read: