28/04/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ യുദ്ധം: ഇസ്രയേലിൽ 26 മരണം, 7,791 പേർക്ക് പരിക്ക്

 ഇറാൻ യുദ്ധം: ഇസ്രയേലിൽ 26 മരണം, 7,791 പേർക്ക് പരിക്ക്

തെൽഅവീവ്: ഇറാനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കണക്കുകൾ പുറത്ത്. ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ ഇസ്രയേലിൽ 26 ആളുകൾ കൊല്ലപ്പെടുകയും 7,791 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപായ സൈറൺ മുഴങ്ങുമ്പോൾ ആളുകളോട് ഉടൻ ബങ്കറിലേക്ക് ഓടണമെന്ന് ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശമുണ്ടെങ്കിലും ബങ്കറിലേക്ക് ഓടുന്നതിനിടെയാണ് കുറച്ചാളുകൾക്ക് പരിക്കേറ്റത്. മാർച്ച് 21ന് ഇസ്രയേലിലെ ഡിമോണ ആണവ കേന്ദ്രത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഏകദേശം 180ഓളം ആളുകൾക്കാണ് പരിക്കേറ്റത്. ഇതായിരുന്നു യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാൻ ഇസ്രയേലിൽ നടത്തിയ ഏറ്റവും വലിയ ആക്രമണം. ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നോക്കു കുത്തിയാക്കി ജനവാസ കേന്ദ്രങ്ങളിൽ മിസൈലുകൾ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

തങ്ങളുടെ മിസൈലുകൾ തെൽഅവീവിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്ന ഇറാന്റെ അവകാശ വാദങ്ങൾ ഇസ്രയേൽ തള്ളിക്കളഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാലാണ് നഷ്ടങ്ങളുടെ കണക്കുകൾ പുറത്ത് വരാത്തതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

യുദ്ധം ആരംഭിച്ചതിനു ശേഷം ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 3,376 പേരാണ്. ഏകദേശം 26,500ലധികം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിൽ 7 പിഞ്ചു കുഞ്ഞുങ്ങളും 376 കുട്ടികളും 496 സ്ത്രീകളും ഉൾപ്പെടുന്നു. അമേരിക്കൻ സൈന്യത്തിലെ 13 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലബനോനിൽ മാത്രം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 2500 കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ 28 ആളുകളും കൊല്ലപ്പെട്ടു.

താൽക്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടുണ്ടെങ്കിലും ഇസ്രയേൽ ഇപ്പോഴും ലബനനിൽ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതോടെ ഹോർമുസിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇറാനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹോർമുസിലെ ഇരട്ട ഉപരോധം ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ആഗോള തലത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Also read: