28/04/2026
[fontresizer_tawhidurrahmandear_widget]

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല; അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ

 തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ല; അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് അവസാനിക്കുന്നതോടെ ഇന്ധനവില കുത്തനെ കൂട്ടുമെന്ന അഭ്യൂഹങ്ങളിൽ അടിസ്ഥാനമില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥ വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തിലധികം വർധനവുണ്ടായിട്ടും രാജ്യത്തെ ഇന്ധനവില നാല് വർഷമായി മാറ്റമില്ലാതെ തുടരുകയാണ്. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റവും വിപണിയിലെ നഷ്ടവും കണക്കിലെടുത്ത് തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വില വർധിപ്പിക്കുമെന്ന് വലിയ തോതിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ.

“പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ യാതൊരു നിർദ്ദേശവുമില്ല,” പശ്ചിമേഷ്യൻ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം വില കൂടുമെന്ന ഭീതിയിൽ ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധനം വാങ്ങിക്കൂട്ടാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ വിശദീകരണം.

ചിലയിടങ്ങളിൽ പരിഭ്രാന്തി മൂലം ജനങ്ങൾ അമിതമായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സർക്കാരുകളുമായി ചേർന്ന് സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും സുജാത ശർമ്മ അറിയിച്ചു. ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാൻ വിതരണം ശക്തമാക്കിയിട്ടുണ്ട്. ആന്ധ്രയിലെ പല നഗരങ്ങളിലും തിരക്ക് നിയന്ത്രിക്കാനാവാതെ നാനൂറോളം പെട്രോൾ പമ്പുകൾ അടച്ചിടേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ പാചകവാതകം (LPG), വിമാന ഇന്ധനം എന്നിവയ്ക്കും ആവശ്യമായ കരുതൽ ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ധന ഉപഭോഗത്തിൽ പെട്ടെന്നുണ്ടായ 30-33 ശതമാനം വർധനവ് താത്ക്കാലികമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Also read: