30/04/2026
[fontresizer_tawhidurrahmandear_widget]

ഹണിമൂൺ കൊലപാതകം: ഭാര്യക്ക് എതിരെ ചുമത്തിയത് രാജ്യത്ത് ഇല്ലാത്ത വകുപ്പ്, പോലീസിന്റെ വീഴ്ചയിൽ പ്രതിക്ക് ജാമ്യം

 ഹണിമൂൺ കൊലപാതകം: ഭാര്യക്ക് എതിരെ ചുമത്തിയത് രാജ്യത്ത് ഇല്ലാത്ത വകുപ്പ്, പോലീസിന്റെ വീഴ്ചയിൽ പ്രതിക്ക് ജാമ്യം

ഷില്ലോങ്: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ ഭർത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭാര്യയ്ക്ക് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് പ്രതിയായ സോനം രഘുവംശിക്ക് ജാമ്യം ലഭിക്കാൻ കാരണമായത്. രാജ്യത്ത് നിലവിലില്ലാത്ത ഒരു നിയമവകുപ്പ് ചുമത്തിയാണ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിൽ ഇല്ലാത്ത 403(1) എന്ന വകുപ്പാണ് സോനത്തിനെതിരെയുള്ള അറസ്റ്റ് മെമ്മോയിലും മറ്റ് രേഖകളിലും അന്വേഷണ ഉദ്യോഗസ്ഥർ എഴുതിച്ചേർത്തത്. കൊലപാതകക്കുറ്റത്തിന് ചുമത്തേണ്ട 103(1) എന്ന വകുപ്പിന് പകരമാണ് പൊലീസിന് ഈ വലിയ അബദ്ധം പിണഞ്ഞത്. ഇതൊരു ചെറിയ ടൈപ്പിംഗ് തെറ്റ് മാത്രമാണെന്ന് പൊലീസ് കോടതിയിൽ വാദിച്ചെങ്കിലും ഷില്ലോങ്ങിലെ പ്രാദേശിക കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല.

ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ ഏത് കുറ്റത്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമായി പ്രതിയെ അറിയിക്കണമെന്ന ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം ഔദ്യോഗികമായി അറിയിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ഇതിന് പുറമെ, അറസ്റ്റിന് ശേഷം ഉത്തർപ്രദേശിലെ ഗാസിപൂർ കോടതിയിൽ ആദ്യം ഹാജരാക്കിയ സമയത്ത് പ്രതിക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ ഒരു അഭിഭാഷകന്റെ നിയമസഹായം ലഭ്യമായിരുന്നില്ലെന്ന കാര്യവും കോടതി പരിഗണിച്ചു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി, മുൻപ് മൂന്ന് തവണ ജാമ്യം നിഷേധിച്ച കോടതി, നാലാമത്തെ അപേക്ഷയിൽ കർശന വ്യവസ്ഥകളോടെ സോനത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഷില്ലോങ് ജില്ല വിട്ടുപോകരുതെന്നതടക്കമുള്ള നിബന്ധനകളോടെയാണ് 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകിയിരിക്കുന്നത്.

2025 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ രാജ രഘുവംശിയും സോനവും വിവാഹശേഷം മേഘാലയയിലെ ചിറാപുഞ്ചിയിലേക്ക് ഹണിമൂണിനായി പോയതായിരുന്നു. ഇതിനിടെ രാജയെ കാണാതാവുകയും, പിന്നീട് ദിവസങ്ങൾക്ക് ശേഷം ജൂൺ രണ്ടിന് ഒരു കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കാമുകനായ രാജ് കുശ്വാഹയുടെയും മറ്റ് വാടകക്കൊലയാളികളുടെയും സഹായത്തോടെ സോനം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൃത്യത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് കടന്ന സോനത്തെയും മറ്റ് പ്രതികളെയും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. എന്നാൽ മുഖ്യപ്രതിക്ക് ഇപ്പോൾ ജാമ്യം ലഭിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥർക്കും നീതിന്യായ വ്യവസ്ഥയ്ക്കുമെതിരെ കടുത്ത പ്രതിഷേധവുമായി കൊല്ലപ്പെട്ട രാജയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും വലിയൊരു ക്രൂരകൃത്യം ചെയ്തയാൾക്ക് പൊലീസിന്റെ ചെറിയൊരു പിഴവിന്റെ പേരിൽ ജാമ്യം ലഭിച്ചത് നീതിപീഠത്തിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും, കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും രാജയുടെ അമ്മ ഉമാ രഘുവംശി ആവശ്യപ്പെട്ടു. ഈ ജാമ്യ ഉത്തരവ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം ഇപ്പോൾ.

Also read: