01/05/2026
[fontresizer_tawhidurrahmandear_widget]

‘ഒരുകാലത്ത് കുണ്ടും കുഴിയും കുറ്റകൃത്യങ്ങളും, ഇന്ന് മാതൃകാസംസ്ഥാനം’- യുപിയെക്കുറിച്ച് മോദി

 ‘ഒരുകാലത്ത് കുണ്ടും കുഴിയും കുറ്റകൃത്യങ്ങളും, ഇന്ന് മാതൃകാസംസ്ഥാനം’- യുപിയെക്കുറിച്ച് മോദി

ലഖ്‌നൗ: ഒരുകാലത്ത് കുണ്ടും കുഴിയും കുറ്റകൃത്യങ്ങളും മുഖമുദ്രയായിരുന്ന ഉത്തർപ്രദേശ് ഇന്ന് രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർദോയിയിൽ ഗംഗാ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകളുടെ കാലത്ത് കാട്ടുനീതി നടപ്പിലാക്കിയിരുന്ന സംസ്ഥാനം ഇന്ന് ഏറ്റവും കൂടുതൽ എക്‌സ്‌പ്രസ് വേകളുള്ള ഇടമായി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനത്തിൽ യുപി കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങൾ ഇന്ന് സംസ്ഥാനത്തുണ്ട്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പുണ്യഭൂമിയെ മുൻ സർക്കാരുകൾ മാഫിയാ കേന്ദ്രമാക്കി മാറ്റിയിരുന്നു. അക്കാലത്ത് യുപിയിലെ മാഫിയാ ഭരണത്തെക്കുറിച്ച് സിനിമകൾ വരെ ഇറങ്ങി. എന്നാൽ ഇന്ന് യുപിയിലെ ക്രമസമാധാന നില രാജ്യത്തിന് തന്നെ ഉദാഹരണമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം യുദ്ധത്തിലും അസ്ഥിരതയിലും ഉഴലുമ്പോഴും ഇന്ത്യ വികസനക്കുതിപ്പ് തുടരുകയാണെന്ന് മോദി പറഞ്ഞു. അധികാരത്തിന് ദാഹിക്കുന്ന ചിലരും ബാഹ്യശത്രുക്കളും രാജ്യത്തെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ത്യ സുരക്ഷിതമായി വികസനത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഏകദേശം 36,230 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഗംഗാ എക്‌സ്‌പ്രസ് വേ സ്വയംപര്യാപ്ത ഇന്ത്യയിലേക്കുള്ള വലിയ ചുവടുവെപ്പാണെന്നും മോദി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടിക്കും കോൺഗ്രസിനുമെതിരെ ശക്തമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.

Also read: