117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കള്‍ തിരികെ നൽകി അമേരിക്ക
ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 117 കോടി രൂപ (14 മില്യൺ ഡോളർ) വിലമതിക്കുന്ന പുരാവസ്തുക്കൾ അമേരിക്കൻ അധികൃതർ ഇന്ത്യയ്ക്ക് കൈമാറി. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് 657 അപൂർവ്വ പുരാവസ്തുക്കൾ തിരികെ എത്തിക്കാനായത്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന വിഗ്രഹക്കടത്ത് സംഘങ്ങളിൽ നിന്നാണ് ഇവ വീണ്ടെടുത്തത്.
കുപ്രസിദ്ധ പുരാവസ്തു കടത്തുകാരനായ സുഭാഷ് കപൂർ, മുമ്പ് സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട നാൻസി വീനർ എന്നിവർ നയിച്ചിരുന്ന ക്രിമിനൽ ശൃംഖലകളിൽ നിന്നാണ് ഈ വിലപ്പെട്ട ശേഖരം അധികൃതർ പിടിച്ചെടുത്തത്. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഇന്ത്യയുടെ പൈതൃക സ്വത്തായ ഈ വസ്തുക്കൾ കണ്ടെത്താനായത്. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ കൊള്ളയടിക്കുന്ന വൻകിട മാഫിയകൾ ലോകമെമ്പാടും പടർന്നുപന്തലിച്ചിട്ടുണ്ടെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് അഭിപ്രായപ്പെട്ടു.
പുരാവസ്തുക്കൾ തിരികെ എത്തിക്കാൻ നിർണ്ണായക പങ്ക് വഹിച്ച മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിനും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ ബിനായ പ്രധാൻ കൃതജ്ഞത രേഖപ്പെടുത്തി. മോഷ്ടിക്കപ്പെട്ട നമ്മുടെ പൈതൃക സ്വത്തുക്കൾ ഓരോന്നായി രാജ്യത്തേക്ക് തിരികെയെത്തുന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.