30/04/2026
[fontresizer_tawhidurrahmandear_widget]

‘ഒരു തീരുമാനമെടുത്താൽ ലക്ഷ്യം നേടാൻ ഒരുമിച്ചുനിൽക്കുന്ന നേതാക്കളും അണികളും! മുസ്‌ലിം ലീഗിനെ ആദരവോടെയല്ലാതെ കാണാനാവില്ല’

 ‘ഒരു തീരുമാനമെടുത്താൽ ലക്ഷ്യം നേടാൻ ഒരുമിച്ചുനിൽക്കുന്ന നേതാക്കളും അണികളും! മുസ്‌ലിം ലീഗിനെ ആദരവോടെയല്ലാതെ കാണാനാവില്ല’

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച് നൽകിയ വീടുകൾ രാഷ്ട്രീയ എതിരാളികളെപ്പോലും വിസ്മയിപ്പിക്കുന്നതാണെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഉമേഷ് വള്ളിക്കുന്ന്. ഒരു പ്രഹസനത്തിനും പ്രദർശനത്തിനും ഇടനൽകാതെ, അന്തസ്സും വിനയവും കാത്തുസൂക്ഷിച്ചുകൊണ്ട് ഈ വലിയ ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കാൻ മുസ്ലിം ലീഗിന് എങ്ങനെ കഴിഞ്ഞു എന്നത് പ്രസക്തമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണം ശക്തമായ നേതൃത്വവും ഇച്ഛാശക്തിയും വിശ്വാസവുമാണെന്ന് ഉമേഷ് വള്ളിക്കുന്ന് നിരീക്ഷിക്കുന്നു. ‘ഏറ്റവും പ്രധാനം നേതാക്കളും പ്രവർത്തകരും തമ്മിലുള്ള പരസ്പര്യമാണെന്ന് തോന്നുന്നു. ഒരു തീരുമാനമെടുത്താൽ ലക്ഷ്യം നേടാൻ ഒരേ ആവേശത്തോടെ ഒരുമിച്ചുനിൽക്കുന്ന നേതാക്കളും അണികളും! അത് ഇലക്ഷൻ ആണെങ്കിലും സാമൂഹ്യസേവനം ആണെങ്കിലും അവരെ ആദരവോടെയല്ലാതെ കാണാനാവില്ല,’ അദ്ദേഹം പറഞ്ഞു.

നിർമാണഘട്ടത്തിലും വീടുകളുടെ കൈമാറ്റത്തിലും പുലർത്തിയ മാന്യതയെ അദ്ദേഹം എടുത്തുപറഞ്ഞു. പദ്ധതിയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചവർ പോലും യാതൊരു അവകാശവാദങ്ങളുമില്ലാതെ വിനയത്തോടെ മാറിനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. തൃക്കൈപ്പറ്റയിലെ വീടുകൾ കാണണമെന്ന് അതിയായ ആഗ്രഹം തോന്നുന്നുണ്ടെങ്കിലും, ആ സംരംഭത്തെ ഒരു ചില്ലിക്കാശുകൊണ്ടോ ഒരു വാക്കുകൊണ്ടോ പിന്തുണയ്ക്കാത്ത തനിക്ക് അവിടെ കാലുകുത്താൻ എന്ത് അർഹതയാണുള്ളതെന്ന് ആത്മനിന്ദയോടെ തിരിച്ചറിയുന്നുവെന്നും ഉമേഷ് കുറിച്ചു.

നൂറുകണക്കിന് പോസ്റ്റുകളും നേതാക്കളുടെ വാക്കുകളും ഇതിനോടകം വന്നുകഴിഞ്ഞു. ഒരുതരത്തിലുള്ള ആക്ഷേപങ്ങൾക്കും ഇടകൊടുക്കാതെ സമയബന്ധിതമായി ഈ ദൗത്യം വിജയിപ്പിച്ചെടുത്ത മുസ്ലിം ലീഗിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്തുകൊണ്ട് വയനാട്ടിൽ അതിജീവിതർക്ക് മനോഹരമായ വീടുകൾ നിർമിച്ചുനൽകാനും നിർമാണഘട്ടത്തിലും കൈമാറ്റത്തിലും അന്തസ്സും വിനയവും സ്‌നേഹവും കാത്തുസൂക്ഷിക്കാനും മുസ്ലിം ലീഗിന് മാത്രം കഴിഞ്ഞു എന്ന് ആലോചിച്ചു. ആ നേതാക്കളുടെ വാക്കുകൾ പലവട്ടം കേട്ടു. നൂറുകണക്കിന് പോസ്റ്റുകൾ കണ്ടു. ഒരു പ്രഹസനത്തിനും പ്രദർശനത്തിനും ആക്ഷേപങ്ങൾക്കും ഇടകൊടുക്കാതെ രാഷ്ട്രീയ എതിരാളികളെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട് വലിയൊരു ദൗത്യം സമയബന്ധിതമായി വിജയിപ്പിച്ചെടുത്തു ആ പാർട്ടി.

ശക്തമായ നേതൃത്വം, ഇച്ഛാശക്തി, വിശ്വാസം എന്നിവയൊക്കെ വിജയകാരണമായിട്ടുണ്ട് എങ്കിലും ഏറ്റവും പ്രധാനം നേതാക്കളും പ്രവർത്തകരും തമ്മിലുള്ള പരസ്പര്യം ആണെന്ന് തോന്നുന്നു. ഒരു തീരുമാനമെടുത്താൽ ലക്ഷ്യം നേടാൻ ഒരേ ആവേശത്തോടെ ഒരുമിച്ചുനിൽക്കുന്ന നേതാക്കളും അണികളും! അത് ഇലക്ഷൻ ആണെങ്കിലും സാമൂഹ്യസേവനം ആണെങ്കിലും! ആദരവോടെയല്ലാതെ കാണാനാവില്ല.

തൃക്കൈപ്പറ്റയിലെ വീടുകൾ കാണണമെന്ന് അതിയായ ആഗ്രഹം തോന്നുന്ന നാളുകളാണ് ഇത്. പക്ഷേ, ആ വീടുകൾ കാണാനും പരസ്യമായി അഭിമാനം കൊള്ളാനും പോകാതെ ആ നിർമാണത്തിൽ വലിയ പങ്കുവഹിച്ചവർ പോലും വിനയത്തോടെ മാറിനിൽക്കുമ്പോൾ ഒരു ചില്ലിക്കാശുകൊണ്ടോ ഒരു വാക്ക് കൊണ്ടോ ആ സംരംഭത്തെ ഇന്നോളം പിന്തുണയ്ക്കാത്ത എനിക്ക് അവിടെ കാലുകുത്താൻ എന്തർഹതയാണുള്ളത് എന്ന് ആത്മനിന്ദയോടെ തിരിച്ചറിയുന്നു. ഏറ്റവും മികച്ച മാതൃകയ്ക്ക് അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ.

Also read: