5 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് അരി വാങ്ങും; കേരളത്തില്‍ വില്‍പ്പന കിലോ 65 രൂപയ്ക്ക്
വാളയാർ: തമിഴ്‌നാട് സർക്കാർ പാവപ്പെട്ടവർക്കായി കുറഞ്ഞ വിലയ്ക്ക് നൽകുന്ന റേഷനരി അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോൾ അമിതവിലയുള്ള “സ്പെഷ്യൽ അരിയായി” മാറുന്നു. കിലോയ്ക്ക് വെറും അഞ്ച് രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്ന് വാങ്ങുന്ന അരി കേരളത്തിലെ വിപണിയിൽ 65 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്. അരിക്കടത്തിനായി വാളയാർ കേന്ദ്രീകരിച്ച് വലിയൊരു സംഘം തന്നെ സജീവമാണ്.
അതിർത്തി കടത്തി വാളയാറിലെത്തിക്കുന്ന അരി വൻകിട കച്ചവടക്കാർക്ക് 25 രൂപയ്ക്കാണ് സംഘം കൈമാറുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അരി ഏജന്റുമാർ പോളിഷ് ചെയ്ത് പുതിയ ബ്രാൻഡ് പേരിൽ 65 രൂപയ്ക്ക് വിപണിയിലെത്തിക്കുന്നു. ഈ അരി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും വരെ കയറ്റി അയക്കുന്നുണ്ട്. ജി.എസ്.ടി നിലവിൽ വന്നതോടെ ചെക്ക്പോസ്റ്റ് പരിശോധനകൾ കുറഞ്ഞത് കടത്തുകാർക്ക് സഹായമായി. ഒരു ശതമാനം മാത്രം നികുതിയുള്ളതിനാൽ കൃത്രിമ ബില്ലുകൾ നിർമ്മിച്ച് എളുപ്പത്തിൽ അരി കടത്താൻ ഇവർക്ക് സാധിക്കുന്നു.
റോഡ് മാർഗത്തിന് പുറമെ ട്രെയിൻ വഴിയും വലിയ തോതിൽ അരികടത്ത് നടക്കുന്നുണ്ട്. സ്റ്റേഷനുകളിൽ നിന്ന് തലച്ചുമടായി രഹസ്യ ഗോഡൗണുകളിലേക്ക് അരി മാറ്റുകയാണ് പതിവ്. തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ മറിച്ചുവിൽക്കൽ നടക്കുന്നത്. അതിർത്തി കടക്കുമ്പോൾ വില പന്ത്രണ്ട് ഇരട്ടിയായി വർധിച്ചിട്ടും കേരളത്തിലെ ഉദ്യോഗസ്ഥരും ഈ നിയമവിരുദ്ധ പ്രവർത്തനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.