യുഎസ് പടക്കപ്പലുകൾ ചാരമാക്കും, മൈനുകൾ ഘടിപ്പിച്ച ‘ചാവേർ ഡോൾഫിനുകൾ’; ഹോർമുസിൽ വജ്രായുധം പുറത്തെടുക്കാൻ ഇറാൻ
തെഹ്‌റാൻ: പശ്ചിമേഷ്യൻ സമുദ്രത്തിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തകർക്കാൻ കൗതുകണുർത്തുന്നതും അതിമാരകവുമായ യുദ്ധതന്ത്രവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ‘ചാവേർ ഡോൾഫിനുകളെ’ ഇറാൻ വിന്യസിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്നൊരു ആയുധം ഉടൻ പുറത്തെടുക്കാനിരിക്കുകയാണെന്ന് കവിഞ്ഞ ദിവസം ഇറാൻ നാവിക സേന മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുടെ ഉപരോധം മൂലം ഇറാന്റെ എണ്ണക്കയറ്റുമതി സ്തംഭിച്ച സാഹചര്യത്തിൽ, കടൽമാർഗമുള്ള തടസ്സങ്ങൾ നീക്കാൻ ഏത് മാർഗവും സ്വീകരിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് അത്യാധുനിക എഐ സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കാൻ ശേഷിയുള്ള സമുദ്രജീവികളെ ഇറാൻ യുദ്ധരംഗത്തിറക്കുന്നത്. വെറും മിസൈലുകളും ഡ്രോണുകളും ഉൾപ്പെടുന്ന പരമ്പരാഗത യുദ്ധതന്ത്രത്തിൽ ഒതുങ്ങുന്നതല്ല ഇറാന്റെ പ്രത്യാക്രമണമെന്നും, നിഗൂഢമായ ആയുധശേഖരം അവർ പുറത്തെടുക്കുമെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പടക്കപ്പലുകൾ തീർത്ത നാവിക ഉപരോധം ഇറാന്റെ എണ്ണക്കയറ്റുമതിയെ പാടേ തകർത്തിരിക്കുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധി യുദ്ധത്തിന് തുല്യമാണെന്ന് ഇറാനിലെ തീവ്രവാദ വിഭാഗങ്ങൾ വിശ്വസിക്കുന്നു. ഇതിനെ മറികടക്കാൻ ഇതുവരെ യുദ്ധമുഖത്ത് പരീക്ഷിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കാനാണ് ഇറാന്റെ നീക്കം. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മൈനുകൾ ഘടിപ്പിച്ച ചാവേർ ഡോൾഫിനുകളാണ്.
എന്താണ് ചാവേർ ഡോൾഫിനുകൾ?
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം 2000-ലാണ് ഇറാൻ ഈ വിദ്യ സ്വന്തമാക്കിയത്. റഷ്യൻ നാവികസേനയ്ക്ക് വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച കൊലയാളി ഡോൾഫിനുകളെയും മറ്റ് സമുദ്രജീവികളെയും അന്ന് ഇറാൻ വിലയ്ക്ക് വാങ്ങിയിരുന്നു. സെവാസ്റ്റോപോളിലെ പസഫിക് നാവിക താവളത്തിൽനിന്ന് പരിശീലനം സിദ്ധിച്ച ഈ ഡോൾഫിനുകൾക്ക് ശത്രുക്കളുടെ മുങ്ങിക്കപ്പലുകളെ അവയുടെ പ്രൊപ്പല്ലറിന്റെ ശബ്ദത്തിൽനിന്ന് തിരിച്ചറിയാൻ സാധിക്കും.
കടലിനടിയിലൂടെ അതീവവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഡോൾഫിനുകളുടെ ശരീരത്തിൽ സ്‌ഫോടകവസ്തുക്കളും മൈനുകളും ഘടിപ്പിച്ചാണ് ആക്രമണത്തിന് സജ്ജമാക്കുന്നത്. യുഎസ് പടക്കപ്പലുകളുടെ അടിഭാഗത്തെത്തി സ്വയം പൊട്ടിത്തെറിക്കാനോ മൈനുകൾ ഘടിപ്പിക്കാനോ ഇവയ്ക്ക് സാധിക്കും. സോണാർ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗം സഞ്ചരിക്കാൻ കഴിയുന്നതിനാൽ ഇത്തരം ജീവികളെ പ്രതിരോധിക്കുന്നത് അമേരിക്കൻ നാവികസേനയ്ക്ക് വലിയ വെല്ലുവിളിയാകും. സോവിയറ്റ് യൂണിയന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ഈ വിദ്യ ഇറാൻ സ്വന്തമാക്കിയതായാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചന.
‘കൊലയാളി ഡോള്‍ഫിനു’കളുടെ ചരിത്രം
മുന്‍ സോവിയറ്റ് സബ്മറൈനര്‍ ആയിരുന്ന ബോറിസ് സുറിദ് എന്ന ട്രെയിനറാണ് ഈ ഡോള്‍ഫിനുകളെ ഇറാനിലെത്തിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഈ ജീവികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും പണമില്ലാതെ വന്നപ്പോഴാണ് അദ്ദേഹം അവയെ ഇറാനിലേക്ക് വിറ്റത്. 27 ജീവികളാണ് അന്ന് ഇറാനിലേക്ക് പറന്നത്. ഇതില്‍ ഡോള്‍ഫിനുകള്‍ക്ക് പുറമെ കടല്‍ സിംഹങ്ങള്‍, സീലുകള്‍, വെള്ള ബെലൂഗ തിമിംഗലം എന്നിവയും ഉള്‍പ്പെട്ടിരുന്നു.
ഈ ഡോള്‍ഫിനുകള്‍ക്ക് രണ്ട് തരത്തിലാണ് പരിശീലനം നല്‍കിയിരിക്കുന്നത്:
ഹാര്‍പൂണ്‍ ആക്രമണം: ശത്രുക്കളുടെ ഡൈവര്‍മാരെ പുറത്ത് ഘടിപ്പിച്ച ഹാര്‍പൂണുകള്‍ ഉപയോഗിച്ച് ആക്രമിക്കാനോ അവരെ കടല്‍ ഉപരിതലത്തിലേക്ക് വലിച്ചിഴച്ച് തടവുകാരാക്കാനോ ഇവയ്ക്ക് സാധിക്കും.
ചാവേര്‍ ദൗത്യം: ശരീരത്തില്‍ മൈനുകള്‍ ഘടിപ്പിച്ച് ശത്രുക്കളുടെ കപ്പലുകള്‍ക്ക് അടിയിലേക്ക് കുതിക്കുകയും കപ്പലിന്റെ അടിഭാഗത്ത് ഇടിച്ച് സ്‌ഫോടനം നടത്തുകയും ചെയ്യുക.
ഇത്തരം ജീവികള്‍ക്ക് സോണാര്‍ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗം സഞ്ചരിക്കാന്‍ കഴിയുന്നതിനാല്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് ഇവ വലിയ ഭീഷണിയാണ്.
ഉപരോധം തകർക്കാൻ ഇറാൻ
ഇറാന്റെ വരുമാന മാർഗമായ എണ്ണ വിപണനത്തെ പൂർണ്ണമായും തടയാനാണ് അമേരിക്കൻ നാവികസേന ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്ക് വഴി എണ്ണ കടത്തുന്ന ഇറാനിയൻ കപ്പലുകളെ പിടിച്ചെടുക്കാനും തിരിച്ചയക്കാനുമായി യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള വമ്പൻ വിമാനവാഹിനിക്കപ്പലുകളാണ് അറബിക്കടലിൽ വിന്യസിച്ചിരിക്കുന്നത്. ഈ ഉപരോധം മൂലം ഇറാന്റെ സമ്പദ്‍വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും, തിരിച്ചടിക്കാൻ ഇറാൻ നാവികസേനയ്ക്ക് മേൽ ഭരണകൂടത്തിന്റെ കടുത്ത സമ്മർദമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമുസിലെ ഉപരോധം ഇറാന്റെ സമ്പദ്‍വ്യവസ്ഥയെ തകർത്തതോടെയാണ് ഇറാൻ നാവികസേന തങ്ങളുടെ വജ്രായുധം തന്നെ പുറത്തെടുക്കാൻ ആലോചിക്കുന്നത്. അമേരിക്കയും ഇസ്രയേലും ഒരുപോലെ ഭയപ്പെടുന്ന പുതിയ ആയുധം ഉടൻ പുറത്തെടുക്കുമെന്ന് ഇറാൻ നാവികസേനാ മേധാവി ഷഹറാം ഇറാനി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വജ്രായുധം ഡോൾഫിനുകളെ ഉപയോഗിച്ചുള്ള പുതിയ നീക്കമാകാമെന്നാണ് കരുതപ്പെടുന്നത്.
ആഗോള ഇന്റര്‍നെറ്റിനെ തകര്‍ക്കാന്‍ നീക്കം
മൈന്‍ ഡോള്‍ഫിനുകള്‍ക്ക് പുറമെ ആഗോള വാര്‍ത്താവിനിമയ ശൃംഖലയെ തന്നെ തകര്‍ക്കാനുള്ള നീക്കവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആസൂത്രണം ചെയ്യുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിന് അടിയിലൂടെ പോകുന്ന ടെലിഫോണ്‍-ഇന്റര്‍നെറ്റ് കേബിളുകള്‍ മുറിച്ചുമാറ്റുമെന്നാണ് ഇറാന്റെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട് കടലിനടിയിലെ കേബിള്‍ മാപ്പുകള്‍ ഐആര്‍ജിസിയുമായി ബന്ധപ്പെട്ട തസ്‌നീം വാര്‍ത്താ ഏജന്‍സി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ആഗോള ഇന്റര്‍നെറ്റ് ട്രാഫിക്കിനെ താറുമാറാക്കുകയും വന്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഇറാന്റെ മുങ്ങിക്കപ്പലുകള്‍ ഹോര്‍മുസിലെ ഇടുങ്ങിയ സമുദ്രപാതയില്‍ വിന്യസിക്കാനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.