‘തോൽക്കാൻ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ട്’; ബേപ്പൂരിൽ ലീഗ് എൽഡിഎഫിന് വോട്ട് മറിച്ചു എന്ന വാർത്ത തള്ളി പി.വി അൻവർ
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ മുസ്ലീം ലീഗ് വോട്ട് മറിച്ചെന്ന ആരോപണങ്ങൾ തള്ളി പി.വി. അൻവർ. ലീഗ് എൽഡിഎഫിനെ സഹായിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ തനിക്ക് വലിയ പിന്തുണ നൽകിയതും യുഡിഎഫിന്റെ വിജയത്തിനായി ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്തതതും ലീഗ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന്റെ വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകൾ അനുകൂലമായി പോൾ ചെയ്യപ്പെട്ടതാണെന്ന് അൻവർ ആരോപിച്ചു. സിപിഎം-ബിജെപി കൂട്ടുകെട്ടാണ് ബേപ്പൂരിലെ ഫലത്തെ സ്വാധീനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച അൻവർ, ബിജെപി വോട്ടുകൾ എങ്ങോട്ട് പോയി എന്നത് ഗൗരവമായി പരിശോധിക്കണമെന്നും വരും ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വം ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുമെന്നും കൂട്ടിച്ചേർത്തു.