05/09/2026
[fontresizer_tawhidurrahmandear_widget]

യുപിയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പുറത്തുപറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊല്ലുമെന്ന് ഭീഷണി

 യുപിയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പുറത്തുപറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊല്ലുമെന്ന് ഭീഷണി

ലക്‌നൗ: ഗാസിയാബാദിലെ കവിനഗറിൽ വീടിനടുത്തുള്ള കടയിലേക്ക് പോയ പതിനാലുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയുമായി മാതാവ്. മകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ലെന്നും അമ്മ ആരോപിച്ചു. തങ്ങൾ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്നും വെറും കൈപ്പറ്റൽ രസീത് മാത്രം നൽകി മടക്കി അയച്ചെന്നും ഇവർ വ്യക്തമാക്കി.

വീടിനടുത്തുള്ള കടയിൽ പോയ പെൺകുട്ടിയെ ബബ്ബൽ ചൗധരി എന്നയാൾ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ മാതാവ് ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനിൽ കാത്തുനിന്നിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ വൈകിയതിനെ അവർ രൂക്ഷമായി വിമർശിച്ചു.

അതേസമയം, ഈ വിഷയത്തിൽ ഗാസിയാബാദ് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശദീകരണവുമായി രംഗത്തെത്തി. കുടുംബത്തിന്റെ പരാതിയിൽ ഇതിനകം തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നുമാണ് പോലീസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് കുടുംബം ഉന്നയിച്ച പരാതികൾ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Also read: