11/05/2026
[fontresizer_tawhidurrahmandear_widget]

മുൻ തൃണമൂൽ എംഎൽഎയെയും പ്രവർത്തകരെയും പോലീസ് സംരക്ഷണത്തിലും മർദിച്ച് ആൾക്കൂട്ടം

 മുൻ തൃണമൂൽ എംഎൽഎയെയും പ്രവർത്തകരെയും പോലീസ് സംരക്ഷണത്തിലും മർദിച്ച് ആൾക്കൂട്ടം

കൊൽക്കത്ത: മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ സോമനാഥ് ശ്യാമിനെയും പാർട്ടി പ്രവർത്തകരെയും മർദിച്ച് ആൾക്കൂട്ടം. ജഗദ്ദലിലെ എംഎൽഎ ആയരുന്നു അദ്ദേഹം. നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഈ മർദനം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് സുരക്ഷയിലാണ് ഇവർ നടക്കുന്നതെങ്കിലും അക്രമം തടയാനാകാതെ കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ സംസ്ഥാനമാകെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുസ്‌ലിം വിഭാഗത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദീർഘകാലത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിൽ വന്നതിന് പിന്നാലെ തങ്ങളുടെ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആസൂത്രിതമായ ആക്രമണങ്ങൾ നടക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

കൊൽക്കത്തയും ഹൗറയും ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ അക്രമം പടരുകയാണ്. സംഘർഷങ്ങളിൽ മരണങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പാർട്ടി ഓഫീസുകൾ തകർക്കപ്പെടുകയും വീടുകൾക്ക് തീയിടുകയും ചെയ്തതായാണ് വിവരം. പരസ്പരം പഴിചാരി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് കൂടുതൽ സേനയെ വിന്യസിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ വൈരാഗ്യവും ക്രമസമാധാന തകർച്ചയും ബംഗാളിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കേന്ദ്രസംസ്ഥാന ഏജൻസികൾ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ബംഗാൾ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തിനെ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ അജ്ഞാതർ ഇന്നലെ രാത്രി വെടിവച്ചു കൊന്നിരുന്നു. അക്രമത്തിൽ പരിക്കേറ്റ അദ്ദേഹത്തിന്റെ കാർ െ്രെഡവർ ചികിത്സയിലാണ്. സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ ചന്ദ്രനാഥിന്റെ അടക്കം ഇതുവരെ നാല് മരണം സ്ഥിരീകരിച്ചതായി പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂ ടൗണിൽ ബി.ജെ.പി പ്രവർത്തകൻ മധു മണ്ഡൽ, ബെലേഘട്ടയിൽ തൃണമൂൽ ഏജന്റ് ബിശ്വജിത് പട്‌നായിക്, നാനൂരിൽ തൃണമൂൽ പ്രവർത്തകൻ അബീർ ഷെയ്ഖ് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബീർഭും, ഹൗറ, കൊൽക്കത്ത എന്നിവിടങ്ങളിൽ പാർട്ടി ഓഫീസുകൾ തകർക്കപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം തടയാൻ കർശന നടപടിയെടുക്കാനും കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also read: