11/05/2026
[fontresizer_tawhidurrahmandear_widget]

ചൈനയ്ക്ക് ബദൽ, ലക്ഷ്യം 2500 കോടി ഡോളറിന്റെ വ്യാപാരം; വിയറ്റ്നാം വിപണി ലക്ഷ്യമിട്ട് ഇന്ത്യ

 ചൈനയ്ക്ക് ബദൽ, ലക്ഷ്യം 2500 കോടി ഡോളറിന്റെ വ്യാപാരം; വിയറ്റ്നാം വിപണി ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹി: ഏഷ്യൻ രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും നിർണായകമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും വിയറ്റ്നാമും തങ്ങളുടെ നയതന്ത്ര ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് ഉയർത്തുന്നു. ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്കൊരു ബദലായി മാറാനൊരുങ്ങുന്ന വിയറ്റ്നാമിനെ ചേർത്തുപിടിച്ച്, 2030-ഓടെ ഉഭയകക്ഷി വ്യാപാരം 2500 കോടി ഡോളറിലെത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് ഇരുരാജ്യങ്ങളും ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്. വിയറ്റ്നാം പ്രസിഡന്റ് തോ ലാമും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയോടെ, വർഷങ്ങൾ നീണ്ട സൗഹൃദം ‘എൻഹാൻസ്‌ഡ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്‌നർഷിപ്പ്’ എന്ന കൂടുതൽ കരുത്തുറ്റ തലത്തിലേക്ക് മാറിയിരിക്കുകയാണ്.

1972-ൽ ആരംഭിച്ച നയതന്ത്ര ബന്ധം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 2000-മാണ്ടിൽ വെറും 20 കോടി ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം, 20 വർഷങ്ങൾക്കിപ്പുറം 2019-20 കാലഘട്ടത്തിൽ 1230 കോടി ഡോളറായി വളർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് 1600 കോടി ഡോളർ കടന്നിരിക്കുകയാണ്. വിയറ്റ്നാമിന്റെ വ്യാപാര പങ്കാളികളിൽ ഏഴാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. എഞ്ചിനീയറിങ് ഉൽപ്പന്നങ്ങൾ, ഇരുമ്പ്, ഉരുക്ക്, ഔഷധങ്ങൾ എന്നിവ ഇന്ത്യ കയറ്റി അയക്കുമ്പോൾ, ഇലക്ട്രോണിക് ഉപകരണങ്ങളും സാങ്കേതിക സാമഗ്രികളുമാണ് വിയറ്റ്നാം തിരികെ നൽകുന്നത്.

ഇത്തവണത്തെ കൂടിക്കാഴ്ചയിൽ 13 സുപ്രധാന ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഡിജിറ്റൽ മേഖലയിലെ സഹകരണമാണ്. ഇന്ത്യയുടെ അഭിമാനമായ യുപിഐ സംവിധാനവും വിയറ്റ്നാമിന്റെ പേയ്‌മെന്റ് ശൃംഖലയും തമ്മിൽ ബന്ധിപ്പിക്കാൻ റിസർവ് ബാങ്കും വിയറ്റ്നാം സ്റ്റേറ്റ് ബാങ്കും തമ്മിൽ ധാരണയായി. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പണമിടപാടുകൾ കൂടുതൽ വേഗത്തിലാക്കും.

കൂടാതെ, ഭാവിയിലെ സാങ്കേതിക വിദ്യകൾക്ക് അത്യന്താപേക്ഷിതമായ അപൂർവ്വ ധാതുക്കളുടെ കാര്യത്തിലും സഹകരണം ഉറപ്പാക്കി. ഇന്ത്യയിലെ ഐആർഎലും വിയറ്റ്നാമിലെ റേഡിയോ ആക്റ്റീവ് ആൻഡ് റെയർ എലിമെന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള കരാർ ഊർജ സുരക്ഷാ രംഗത്ത് ഇന്ത്യയ്ക്ക് വലിയ കരുത്താകും.

കാർഷിക ഉൽപ്പന്നങ്ങൾക്കായി പുതിയ വിപണികൾ തുറക്കാനുള്ള തീരുമാനവും വാർത്തയിൽ ഇടംപിടിക്കുന്നു. ഇന്ത്യൻ മുന്തിരിയും മാതളനാരങ്ങയും ഇനി വിയറ്റ്നാം വിപണികളിലെത്തും. പകരമായി വിയറ്റ്നാമിൽ നിന്നുള്ള ഡൂറിയൻ, പോമെലോ എന്നീ പഴങ്ങൾ ഇന്ത്യൻ വിപണിയിലേക്കും പ്രവേശിക്കും. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാൻ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും നഗരങ്ങൾ തമ്മിലുള്ള സഹകരണത്തിനായി മുംബൈ മുനിസിപ്പൽ കോർപറേഷനും ഹോ ചി മിൻ സിറ്റിയും തമ്മിൽ കൈകോർക്കാനും തീരുമാനമായി.

അമേരിക്ക-ചൈന വ്യാപാര യുദ്ധവും ചൈനയിലെ വർധിച്ച ഉൽപ്പാദനച്ചെലവും കാരണം നിരവധി ആഗോള കമ്പനികൾ വിയറ്റ്നാമിലേക്ക് തങ്ങളുടെ നിർമാണ യൂണിറ്റുകൾ മാറ്റുകയാണ്. ഈ അവസരം മുതലെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ, വർധിച്ചുവരുന്ന വ്യാപാരക്കമ്മി ഇന്ത്യയ്ക്ക് ഒരു ആശങ്കയാണ്. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി കഴിഞ്ഞ 10 വർഷത്തിനിടെ 800 കോടിയിൽ നിന്ന് 4400 കോടി ഡോളറായി ഉയർന്ന പശ്ചാത്തലത്തിൽ, നിലവിലുള്ള ഇന്ത്യ-ആസിയാൻ ചരക്ക് വ്യാപാര കരാർ ഈ വർഷാവസാനത്തോടെ പരിഷ്‌കരിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.

സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഒത്തൊരുമിച്ച് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിലൂടെ, തെക്കൻ ചൈന കടലിലെ ചൈനീസ് കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പരോക്ഷമായ നയതന്ത്ര നീക്കം കൂടിയായി ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നു.

Also read: