11/05/2026
[fontresizer_tawhidurrahmandear_widget]

ആരിഫിന് ലീഗിന്റെ മനസ്; പാർട്ടിയിൽ നിന്ന് ചാടാൻ തയാറായി നിന്നയാൾ: വെള്ളാപ്പള്ളി

 ആരിഫിന് ലീഗിന്റെ മനസ്; പാർട്ടിയിൽ നിന്ന് ചാടാൻ തയാറായി നിന്നയാൾ: വെള്ളാപ്പള്ളി

ചേർത്തല: മുൻ എം.പി എ.എം. ആരിഫിന് ലീഗിന്റെ മനസാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാർട്ടിയിൽ നിന്ന് ചാടാൻ നിന്ന ആളാണ്. അതുകൊണ്ടാണ് ആരിഫിന് സിപിഎം സീറ്റ് കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പരാമർശങ്ങൾ. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ സഹായം തേടിവരുന്ന ആളാണ ആരിഫെന്നും എംപി ആയി ജയിച്ചതിനു ശേഷം തന്നെ തള്ളിപ്പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തിരിച്ചടിച്ചെന്ന ആരിഫിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ആരായാലും സ്വീകരിക്കുമെന്നും ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം. എല്ലാം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. അത് പറയാൻ ഞാൻ ആളല്ല. ആരായാലും അവർ പ്രഖ്യാപിക്കുന്നത് നമ്മൾ സ്വീകരിക്കണമല്ലോ. നല്ല ഭരണം കാഴ്ചവെക്കാൻ യുഡിഎഫിന് സാധിക്കട്ടെ എന്നും വെള്ളാപ്പള്ളി ആശംസിച്ചു. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിൽ കുഴപ്പമില്ല. മാധ്യമങ്ങൾ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാം കുറ്റങ്ങൾ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തിൽ ആക്കിയത് മാധ്യമങ്ങളാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Also read: