14/05/2026
[fontresizer_tawhidurrahmandear_widget]

‘കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ

 ‘കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററുകളിലെ വിമർശനം. “കെ.സി. നിങ്ങളുടെ പെട്ടി എടുക്കുന്ന ആളായിരിക്കും, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കു മാപ്പു നൽകില്ല” എന്നാണ് ഒരു പോസ്റ്ററിലെ വാചകം. വാർത്തയായതോടെ പലയിടത്തുനിന്നും ഇവ നീക്കം ചെയ്തിട്ടുണ്ട്.

സുരക്ഷിതമായ സീറ്റ് തേടി മാത്രം ഇനി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ട്. “സുരക്ഷിതമായ സീറ്റിനായി ഇനി വയനാടൻ ചുരം കയറേണ്ടതില്ല, ഞങ്ങൾ നിങ്ങളെ ഇവിടെ അവസാനിപ്പിക്കും, വയനാടിനെ മറന്നേക്കൂ” എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് പോസ്റ്ററുകളിലുള്ളത്. അമേഠി കൈവിട്ട സമയത്ത് രാഹുൽ ഗാന്ധിക്കും പിന്നീട് പ്രിയങ്ക ഗാന്ധിക്കും പാർലമെന്റിലേക്ക് പോകാൻ തുണയായത് വയനാടാണെന്നും, എന്നാൽ ജയിക്കാൻ വേണ്ടി മാത്രമുള്ള ഇടമായി മണ്ഡലത്തെ കാണരുതെന്നും പ്രതിഷേധക്കാർ പറയുന്നു.

കെ.സി. വേണുഗോപാലിനെതിരേയും പോസ്റ്ററുകളിൽ കടുത്ത പരാമർശങ്ങളുണ്ട്. “കെ.സി. വേണുഗോപാൽ നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് നൽകില്ല” എന്നും “അദ്ദേഹം നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനങ്ങൾക്ക് സ്വീകാര്യനല്ല” എന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് കാരശ്ശേരിയിലെ എംപി ഓഫീസിന് സമീപവും വയനാട് ജില്ലയിലെ ഡിസിസി ഓഫീസിലേക്ക് തിരിയുന്ന റോഡിലുമാണ് പ്രധാനമായും പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.

വയനാട്ടിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചതിൽ കോൺഗ്രസ്-ലീഗ് അണികൾക്കിടയിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ജനവികാരത്തെ മറന്നുകൊണ്ടാണ് തീരുമാനങ്ങൾ എടുക്കുന്നതെങ്കിൽ വയനാടും അമേഠിയായി മാറുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ പോസ്റ്ററുകൾക്ക് പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

Also read: