07/09/2026
[fontresizer_tawhidurrahmandear_widget]

വിമാനത്തിൽ ബോധരഹിതനായ യാത്രക്കാരന് പ്രവാസി നഴ്‌സിന്റെ കരുതൽ; കൈകാലുകൾ തിരുമ്മി കാവലിരുന്നത് രണ്ട് മണിക്കൂറോളം

 വിമാനത്തിൽ ബോധരഹിതനായ യാത്രക്കാരന് പ്രവാസി നഴ്‌സിന്റെ കരുതൽ; കൈകാലുകൾ തിരുമ്മി കാവലിരുന്നത് രണ്ട് മണിക്കൂറോളം

ചെന്നൈ: ദുബായിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ബോധരഹിതനായ യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പ്രവാസി നഴ്‌സ്. വിമാനം ആകാശത്തേക്ക് ഉയർന്ന് ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സംഭവം. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന യാത്രക്കാർക്കിടയിൽ നിന്ന് റാസൽ ഖൈമ ആർഎകെ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാ അഖില ഓവിയൻ നീലകണ്ഠൻ മുന്നോട്ടുവരികയായിരുന്നു. യുഎഇയിൽ ജോലിയിൽ പ്രവേശിച്ച ശേഷം തന്റെ ആദ്യ അവധിക്കായി നാട്ടിലേക്ക് വരികയായിരുന്നു അഖില.

വിമാനത്തിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന അഖില അടിയന്തിരമായ സഹായം തേടിയുള്ള കാബിൻ ക്രൂവിന്റെ അനൗൺസ്‌മെന്റ് കേട്ടയുടൻ ഒട്ടും മടിക്കാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ തമിഴ്‌നാട് സ്വദേശിയായിരുന്നു ബോധം കെട്ടത്. പിന്നീട് യുവാവിന്റെ ശരീരമാകെ വിറയ്ക്കാനും കൈകാലുകൾ ഇട്ടടിക്കാനും തുടങ്ങിയതോടെ ചുറ്റുമുള്ള യാത്രക്കാർ ഭയന്നുവിറച്ചു. എന്നാൽ അഖില അതൊന്നും ശ്രദ്ധിക്കാതെ ഒരു ആശുപത്രി ഐസിയുവിലെന്ന പോലെ പ്രഥമശുശ്രൂഷകൾ ആരംഭിച്ചു.

വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറും കൂടി അഖിലയുടെ സഹായത്തിനെത്തിയതോടെ രോഗിയെ കൂടുതൽ സൗകര്യപ്രദമായ മുന്നിലെ നിരയിലേക്ക് മാറ്റികിടത്തി ശുശ്രൂഷ തുടർന്നു. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി ഐവി ലൈൻ തയാറാക്കി മരുന്നുകളും ഗ്ലൂക്കോസ് ദ്രാവകങ്ങളും അഖില നൽകി. അമിത തണുപ്പ് അനുഭവപ്പെട്ട രോഗിയെ ബെഡ്ഷീറ്റ് പുതപ്പിക്കുകയും കൈകാലുകൾ തിരുമ്മി ചൂടുപിടിപ്പിക്കുകയും ചെയ്തുകൊണ്ട് രണ്ട് മണിക്കൂറോളം അഖില ആ ജീവനായി കാവലിരുന്നു.

പരിചരണത്തിനൊടുവിൽ യുവാവ് പതുക്കെ കണ്ണുതുറക്കുകയും സംസാരിക്കാൻ തുടങ്ങുകയും ചെയ്തതോടെ വിമാനത്തിനുള്ളിൽ ആശ്വാസത്തിന്റെ നെടുവീർപ്പുകളുയർന്നു. ഇപ്പോൾ എങ്ങനെയുണ്ട് സഹോദരാ എന്ന അഖിലയുടെ ചോദ്യത്തിന് ‘ഇപ്പോൾ കുഴപ്പമില്ല സഹോദരി’ എന്ന് യുവാവ് മറുപടി പറയുകയും ചെയ്തു.

ഇന്ത്യയിൽ വിമാനം ഇറങ്ങിയ ഉടൻ എയർപോർട്ടിൽ തയാറായിനിന്ന മെഡിക്കൽ സംഘത്തിന് യുവാവിനെ സുരക്ഷിതമായി കൈമാറി. അഖിലയോടുള്ള നന്ദിസൂചകമായി വിമാനജീവനക്കാർ സ്വന്തംകൈപ്പടയിൽ ഒരു അഭിനന്ദനക്കത്തും നൽകി. ആദ്യ അവധിക്ക് നാട്ടിലേക്ക് പോകുന്നതിനിടയിൽ ഒരു ജീവൻ രക്ഷിക്കാനായ ചാരിതാർത്ഥ്യത്തിലാണ് അഖില.

Also read: