സിഗ്നൽ അവഗണിച്ച് വാഹനം മുന്നോട്ടെടുത്തു; കക്കൂസ് മാലിന്യവുമായി പോകുന്ന ട്രക്കിനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു
വിർജീനിയ: സിഗ്നൽ അവഗണിച്ച് റെയിൽവേ ട്രാക്ക് കടക്കാൻ ശ്രമിച്ച കക്കൂസ് മാലിന്യം വഹിക്കുന്ന ട്രക്കിനെ ട്രെയിൻ ഇടിച്ചു. അമേരിക്കയിലെ വിർജീനിയയിലുള്ള ചെസാപീക്കിലാണ് സംഭവം. മെയ് 14 വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ യാദ്കിൻ റോഡിന് സമീപമുള്ള റെയിൽവേ ക്രോസിംഗിലാണ് ഈ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രക്ക് പൂർണമായും തകരുകയും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
നോർഫോക്ക് സതേൺ കമ്പനിയുടെ ചരക്കുതീവണ്ടിയാണ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചത്. തകർന്ന ട്രക്കിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകി. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മലിനജലം സമീപത്തെ തോട്ടിലേക്കും ഒഴികിയിട്ടുണ്ടെന്നാണ് വിവരം. ഇതിനു പുറമെ വാഹനത്തിന്റെ ഇന്ധനവും പുറത്തെത്തിയിട്ടുണ്ട്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രക്ക് െ്രെഡവറെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം തീവണ്ടിയിലെ ജീവനക്കാർക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. ക്രോസിംഗിലെ സ്‌റ്റോപ്പ് സൈൻ അവഗണിച്ച് ട്രക്ക് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലിനജലവും ഇന്ധനവും പുറത്തേക്ക് ഒഴുക്കിയെങ്കിലും ഇത് പൊതുജനങ്ങൾക്ക് പെട്ടെന്ന് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കയിൽ ഇത്തരം റെയിൽവേ ക്രോസിംഗ് അപകടങ്ങൾ പതിവാണെങ്കിലും ദൃശ്യങ്ങളുടെ ഭീകരത കാരണമാണ് ഈ സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയത്. അപകടത്തെക്കുറിച്ച് ചെസാപീക്ക് പോലീസും റെയിൽവേ അധികൃതരും അന്വേഷണം നടത്തിവരികയാണ്.