മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും; ഒരു യുവതി കൂടി അറസ്റ്റിൽ, പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ്?
കൊച്ചി: മോഡലിങ്ങിൻ്റെ മറവിൽ നടന്ന മനുഷ്യക്കടത്ത് കേസിൽ ഒരു യുവതി കൂടി പൊലീസ് കസ്റ്റഡിയിലായി. പൊന്നാനി സ്വദേശിനിയായ മഞ്ജിമയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
മരട് പൊലീസ് രജിസ്റ്റർ ചെയ്‌ത ഈ കേസിൽ കഴിഞ്ഞ ദിവസം ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ മോഡലിങ് ജോലിക്കെന്ന വ്യാജേന വിദേശത്തെത്തിച്ച് വിവിധ ആളുകൾക്ക് കാഴ്ചവെച്ചതായാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ്. ഇവർക്ക് കൊച്ചിയിലെ പ്രാദേശിക ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ മൂന്ന് പരാതികളാണ് മരട് പൊലീസിന് ലഭിച്ചിട്ടുള്ളത്. കേസിൽ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്‌ത ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും.
ഈ മനുഷ്യക്കടത്തിന് പിന്നിൽ വലിയൊരു അന്താരാഷ്ട്ര സെക്‌സ് റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് പൊലീസ് നിഗമനം. ഈ സംഘത്തിലെ ഭൂരിഭാഗം കണ്ണികളും സ്ത്രീകളാണെന്നതാണ് പ്രത്യേകത. വിദേശത്ത് ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഉയർന്ന വരുമാനമുള്ള മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്‌താണ് ഇവർ യുവതികളെ ദുബായിൽ എത്തിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് നേരെ ഹോട്ടൽ മുറികളിലേക്ക് മാറ്റുന്ന യുവതികൾക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയാണ് ഇവരുടെ രീതി. ബോധരഹിതരാകുന്ന സാഹചര്യത്തിൽ ഇവരെ പലർക്കായി കാഴ്ചവെയ്ക്കും. പിന്നീട് ഈ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, അത് കാണിച്ച് ഭീഷണിപ്പെടുത്തിയും ക്രൂരമായി മർദ്ദിച്ചുമാണ് സംഘം പെൺകുട്ടികളെ വലയിലാക്കുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.