വീട്ടിലേക്ക് തിരിച്ചുവരണമെന്ന് വാശിപിടിച്ചിരുന്നു മെയ് 15ന് ടിക്കറ്റും ബുക്ക് ചെയ്തതാണ്’; ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച ട്വിഷയുടെ പിതാവ്
ന്യൂഡൽഹി: ഭോപ്പാലിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നോയിഡ സ്വദേശിയായ ട്വിഷ ശർമ വീട്ടിലേക്ക് വരണമെന്ന് വാശിപിടിച്ചിരുന്നതായും മെയ് 15നേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും മാതാപിതാക്കൾ വെളിപ്പെടുത്തി. ഭർത്താവിന്റെ വീട്ടിൽ മകൾ നേരിട്ട ക്രൂരമായ ശാരീരികമാനസിക പീഡനങ്ങളിൽ നിന്നും അവളെ നേരത്തെ രക്ഷിക്കാൻ കഴിയാത്തതിൽ തങ്ങൾക്ക് വലിയ വീഴ്ച പറ്റിയെന്നും തങ്ങളുടെ കുടുംബം ഇപ്പോൾ കടുത്ത മാനസിക ആഘാതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംബിഎ ബിരുദധാരിയും നടിയുമായ ട്വിഷ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഭോപ്പാലിലെ അഭിഭാഷകനായ സമർത്ഥ് സിങ്ങുമായി കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസം മാത്രം പിന്നിടുമ്പോഴാണ് മെയ് 12ന് ഭോപ്പാലിലെ കതാരാ ഹിൽസിലുള്ള ഭർത്താവിന്റെ വീട്ടിൽ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. താൻ നരകതുല്യമായ അവസ്ഥയിലാണെന്നും തന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് കൊണ്ടുപോകണമെന്നും മകൾ അമ്മയോട് ഫോണിലൂടെയും വാട്സാപ്പിലൂടെയും കരഞ്ഞ് അപേക്ഷിച്ചിരുന്നു. രണ്ട് മാസം ഗർഭിണിയായിരുന്ന ട്വിഷയോട് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്റെ കുടുംബം സമ്മർദ്ദം ചെലുത്തിയിരുന്നതായും, കുട്ടിയുടെ പിതൃത്വത്തെ ഭർത്താവ് ക്രൂരമായി ചോദ്യം ചെയ്തിരുന്നതായും കുടുംബം ആരോപിക്കുന്നു. നിരന്തര പീഡനങ്ങൾ കാരണം അഞ്ച് മാസത്തിനിടെ ട്വിഷയ്ക്ക് 15 കിലോയോളം ഭാരം കുറഞ്ഞിരുന്നു. മെയ് 15ന് നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മെയ് 12ന് പുലർച്ചെ ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മരണത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളിൽ ട്വിഷ ടെറസിലേക്ക് നടന്നുപോകുന്നതും പിന്നീട് ഭർത്താവും അയൽവാസികളും ചേർന്ന് സിപിആർ നൽകാൻ ശ്രമിക്കുന്നതും കാണാം. എയിംസ് ഭോപ്പാലിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ട്വിഷയുടെ ശരീരത്തിൽ മർദ്ദനമേറ്റതുപോലുള്ള നിരവധി പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആത്മഹത്യയ്ക്ക് ഉപയോഗിച്ചുവെന്ന് പറയുന്ന ബെൽറ്റ് പരിശോധനയ്ക്കായി ഹാജരാക്കാൻ പോലീസ് തയ്യാറാകാതിരുന്നതും മരണത്തിൽ വലിയ ദുരൂഹത വർദ്ധിപ്പിക്കുന്നു.
ട്വിഷയുടെ മരണത്തിന് പിന്നാലെ അവളുടെ ഭർത്താവ് സമർത്ഥ് സിങ്ങും വിരമിച്ച ജില്ലാ ജഡ്ജി കൂടിയായ ഭർതൃമാതാവ് ഗിരിബാല സിങ്ങും ചേർന്ന് മകളെ മനഃപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ഉറപ്പിച്ചുപറയുന്നു. എന്നാൽ ഗിരിബാല സിങ്ങ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ട്വിഷയ്ക്ക് സ്കീസോഫ്രീനിയ പോലെയുള്ള മാനസിക രോഗമുണ്ടായിരുന്നതായും ഇരട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചു. ഗർഭകാലത്ത് ട്വിഷ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും അവർ ആരോപിച്ചു. എന്നാൽ ഈ അപവാദ പ്രചാരണങ്ങളെല്ലാം തങ്ങളുടെ കുറ്റം മറയ്ക്കാനും കേസ് അട്ടിമറിക്കാനുമുള്ള പ്രതികളുടെ ശ്രമമാണെന്ന് ട്വിഷയുടെ മാതാപിതാക്കൾ പറഞ്ഞു.
പണത്തിന്റെ യാതൊരു ബുദ്ധിമുട്ടും തങ്ങൾക്കില്ലെന്നും തങ്ങളുടെ മകളെ ജീവനോടെ തിരികെ തന്നാൽ തങ്ങളുടെ സ്വത്തെല്ലാം അവർക്ക് എഴുതിനൽകാമെന്നും ട്വിഷയുടെ അമ്മ രേഖ ശർമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. വിരമിച്ച ജഡ്ജിയായ ഭർതൃമാതാവ് സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കുടുംബം മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. നിലവിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒളിവിൽ പോയ ഭർത്താവ് സമർത്ഥ് സിങ്ങിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പത്ത് പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാളുടെ പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.