ഇന്ത്യയുടെ ഇല്ലാത്ത രണ്ട് വ്യോമതാവളങ്ങൾ തകർത്തെന്ന് പാക് സൈനികൻ; വിചിത്ര അവകാശവാദത്തിൽ നാണംകെട്ട് പാകിസ്താൻ
ന്യൂഡൽഹി: നിലവിലില്ലാത്ത രണ്ട് ഇന്ത്യൻ വ്യോമതാവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്ന പാകിസ്താൻ സൈനിക ഉദ്യോഗസ്ഥന്റെ അവകാശവാദത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പരിഹാസച്ചരട്. കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ശത്രുതയുടെ പശ്ചാത്തലത്തിലാണ് പാക് ഉദ്യോഗസ്ഥന്റെ വിചിത്രമായ പ്രതികരണം പുറത്തുവന്നത്.
ഇന്ത്യയുടെ ‘ഓപറേഷൻ സിന്ദൂരി’ന് മറുപടിയായി പാകിസ്താൻ നടത്തിയ ‘ഓപറേഷൻ ബന്യാനുൽ മർസൂസ്’ സൈനിക നീക്കത്തിനിടെ 2025 മെയ് 10-ന് ഫത്താ-1 ഗൈഡഡ് ആർട്ടിലറി റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഓപറേഷന്റെ ഭാഗമായിരുന്ന ക്യാപ്റ്റൻ മുനീബ് സമാൽ ഇന്ത്യയുടെ “രജൗരി എയർബേസ്”, “മാമുൻ എയർബേസ്” എന്നീ ലക്ഷ്യങ്ങൾ വിജയകരമായി ആക്രമിച്ചതായി അവകാശപ്പെട്ടത്.
എന്നാൽ, വാസ്തവത്തിൽ ഇന്ത്യയിൽ ഇങ്ങനെയൊരു വ്യോമതാവളങ്ങൾ നിലവിലില്ല. രജൗരി ജമ്മു കശ്മീരിലെ ഒരു ജില്ലയാണെങ്കിലും ഇവിടെ വ്യോമസേനാ താവളമില്ല. മാമുൻ ആകട്ടെ പഞ്ചാബിലെ പത്താൻകോട്ടിനടുത്തുള്ള ഒരു സൈനിക കന്റോൺമെന്റ് പ്രദേശം മാത്രമാണ്. ഇല്ലാത്ത താവളങ്ങൾ തകർത്തെന്ന ഉദ്യോഗസ്ഥന്റെ വാദത്തെ എക്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഉപയോക്താക്കൾ കടുത്ത പരിഹാസത്തോടെയാണ് നേരിടുന്നത്. ‘അടുത്ത ലക്ഷ്യം അറ്റ്ലാന്റിസ് ആണോ’ എന്നും, ഭൂപട നിർമ്മാതാക്കളും വ്യോമസേനയും ചേർന്ന് ഈ ഐതിഹാസിക താവളങ്ങൾ കണ്ടെത്താൻ ദൗത്യം ആരംഭിച്ചിട്ടുണ്ടെന്നുമാണ് ഉയരുന്ന ട്രോളുകൾ.
നേരത്തെ ഇന്ത്യയുടെ ഉദംപൂർ, പത്താൻകോട്ട്, ആദംപൂർ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിർസ, ബാർമർ, ജലന്ധർ എന്നിവിടങ്ങളിലെ വയലുകളിൽ നിന്നും, പിന്നീട് സെപ്റ്റംബറിൽ ശ്രീനഗറിലെ ദാൽ തടാകത്തിൽ നിന്നും ഫത്താ മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സിർസയിൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്താന്റെ ഫത്താ-II മിസൈൽ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.