03/06/2026
[fontresizer_tawhidurrahmandear_widget]

‘ബലിപെരുന്നാളിന് കന്നുകാലികളെ വാങ്ങില്ല’; പ്രഖ്യാപനവുമായി ബംഗാൾ മുസ്‌ലിംകൾ; ആടിനെ വാങ്ങാൻ നിർദേശിച്ച് മതപണ്ഡിതർ

 ‘ബലിപെരുന്നാളിന് കന്നുകാലികളെ വാങ്ങില്ല’; പ്രഖ്യാപനവുമായി ബംഗാൾ മുസ്‌ലിംകൾ; ആടിനെ വാങ്ങാൻ നിർദേശിച്ച് മതപണ്ഡിതർ

കൊൽക്കത്ത: ഈ വർഷത്തെ ബലിപെരുന്നാളിന് മുന്നോടിയായി കന്നുകാലികളെ വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് ബംഗാൾ മുസ്‌ലിംകൾ. പുതുതായി ഭരണത്തിലെത്തി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ, മൃഗബലി നിയന്ത്രിക്കുന്നതിനുള്ള 1950ലെ നിയമവും 2018ലെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവും കർശനമായി നടപ്പാക്കാൻ മെയ് 14ന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

14 വയസ്സിന് മുകളിൽ പ്രായമുള്ളതോ അല്ലെങ്കിൽ പൂർണ്ണമായി ആരോഗ്യം ക്ഷയിച്ചതോ ആയ കന്നുകാലികളെ മാത്രമേ അറക്കാൻ പാടുള്ളൂ എന്നും ഇതിനായി വെറ്ററിനറി ഉദ്യോഗസ്ഥരുടെ പ്രത്യേക സർട്ടിഫിക്കറ്റ് വേണമെന്നുമാണ് നിയമം. കൂടാതെ പൊതുസ്ഥലങ്ങളിലെ മൃഗബലി നിരോധിക്കുകയും അംഗീകൃത അറവുശാലകളിൽ മാത്രമേ ഇത് ചെയ്യാവൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ പിഴയോ ലഭിക്കും.

ഈ പുതിയ കർശന നിയന്ത്രണങ്ങളെത്തുടർന്ന്, ബലിപെരുന്നാളിന് കന്നുകാലികളെ വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ മുസ്‌ലിം സംഘടനകൾ. എന്നാൽ ഇതിൽ ദുരിതത്തിലായിരിക്കുന്നത് കന്നുകാലി കർഷകരും വ്യാപാരികളുമാണ്. ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത ഹിന്ദു കന്നുകാലി കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ പുതിയ നിയമം എല്ലാവരും കർശനമായി പാലിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് മുസ്‌ലിം മത പണ്ഡിതന്മാർ. പശുവിന് പകരം ബലിയർപ്പിക്കാൻ ആടുകളെ വാങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു. കന്നുകാലി ചന്തകൾ വിജനമായി കിടക്കുന്നതും കർഷകരുടെ ആശങ്കയുമാണ് നിലവിലെ സാഹചര്യം. കന്നുകാലി കടത്തും അനധികൃത അറവും തടയാനുള്ള നിയമപരമായ നടപടി മാത്രമാണിതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Also read: