‘നരകത്തിലേക്ക് സ്വാഗതം നിങ്ങളുടെ സമ്മർ ക്യാമ്പ് അവസാനിച്ചു’; ഗ്ലോബൽ സുമുദ് ഫ്‌ളോട്ടിലയിലെ പ്രവർത്തകരെ ക്രൂരമായി മർദിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി
തെൽഅവീവ് : ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട ‘ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില’ യിലെ വനിതാ ആക്ടിവിസ്റ്റിനെ ആക്രമിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. അക്രമിച്ചതിനു ശേഷം നരകത്തിലേക്ക് സ്വാഗതം, നിങ്ങളുടെ സമ്മർ ക്യാമ്പ് അവസാനിച്ചു’ എന്ന് മന്ത്രി പറയുന്ന ദൃശ്യങ്ങൾ ഇറ്റാമർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ടത്.
ഗസ്സയിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ശ്രമിച്ച ഈ സന്നദ്ധ പ്രവർത്തകരെ ഇസ്രയേൽ തുറമുഖത്ത് വെച്ചാണ് സൈന്യം തടഞ്ഞുവെച്ചത്. പ്ലാസ്റ്റിക് കൈവിലങ്ങുകൾ അണിയിച്ചും കടുത്ത അധിക്ഷേപങ്ങൾ ചൊരിഞ്ഞും ഇവരെ ഇസ്രയേലിന്റെ ദേശീയഗാനം കേൾക്കാൻ നിർബന്ധിതരാക്കുകയായിരുന്നു. ഈ ക്രൂരതയ്ക്കിടയിൽ ഒരു വനിതാ പ്രവർത്തക വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
സുരക്ഷാ സേനയുടെ മേൽനോട്ടത്തിൽ പ്രവർത്തകരോട് ക്രൂരമായി പെരുമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തടവിലാക്കപ്പെട്ടവരിൽ അമേരിക്ക, ബ്രിട്ടൻ, ഇറ്റലി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരാണുള്ളത്. നിരായുധരായ സന്നദ്ധ പ്രവർത്തകർക്ക് നേരെ നടന്ന ഈ അതിക്രമത്തിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധവും വിമർശനവുമാണ് ഇപ്പോൾ ഉയരുന്നത്. ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് കാണിച്ച ഈ മോശം പെരുമാറ്റത്തിൽ ഇസ്രയേലിനോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.