03/06/2026
[fontresizer_tawhidurrahmandear_widget]

ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, എക്സിൽ വിലക്ക്: പുതിയ അക്കൗണ്ടുമായി ‘കോക്രോച്ച് ജനതാ പാർട്ടി’

 ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, എക്സിൽ വിലക്ക്: പുതിയ അക്കൗണ്ടുമായി ‘കോക്രോച്ച് ജനതാ പാർട്ടി’

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ യുവജനങ്ങൾക്കിടയിൽ അതിവേഗം ജനപ്രീതി നേടുകയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്ത രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. നിയമപരമായ ആവശ്യത്തെത്തുടർന്നാണ് ഇന്ത്യയിലുള്ള ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ട് ലഭ്യമാകാത്ത രീതിയിൽ കൺട്രി-ലോക്ക് ചെയ്തതെന്ന് എക്സ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. എന്നാൽ ഈ നീക്കത്തിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നും, തങ്ങളുടെ ശക്തമായ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയന്ന് ഓൺലൈൻ ശബ്ദങ്ങളെ അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും കൂട്ടായ്മയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. പൂട്ടിയ അക്കൌണ്ടിന് പകരം പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചു ശ്രദ്ധ നേടി മുന്നേറുന്നതിനിടെയാണ് കോക്രോച്ച് ജനതാ പാർട്ടിക്ക് ഈ തിരിച്ചടി. കൂട്ടായ്മയുടെ സ്‌ഥാപകൻ അഭിജിത് ദീപ്കെ, എക്സ് അക്കൗണ്ട് തുറക്കുമ്പോൾ വരുന്ന പോപ്-അപ്പിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് “പ്രതീക്ഷിച്ചത് പോലെ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു” എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്യാൻ പറ്റുന്നില്ലെന്ന് അഭിജിത് സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം, കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയിട്ടുണ്ട്. ‘ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് നിങ്ങൾ കരുതിയോ?’ എന്നാണ് പുതിയ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ച് പോസ്‌റ്റ് ചെയ്ത‌ിരിക്കുന്നത്. ഈ അക്കൗണ്ടിന്റെ ബയോയിൽ നൽകിയിരിക്കുന്നത് പാറ്റകൾ മരിക്കില്ല എന്നാണ് (കോക്കോച്ചസ് ഡോണ്ട് ഡൈ). ഈ അക്കൗണ്ട് തുടങ്ങി 20 മിനിറ്റിനുള്ളിൽത്തന്നെ 2700ൽ അധികം ഫോളോവർമാരെ കിട്ടിയിട്ടുണ്ട്.

Also read: