‘അക്കൗണ്ട് തടഞ്ഞത് ബുദ്ധിശൂന്യം, കോക്രോച്ച് ജനതാ പാർട്ടി വെറും ട്രെൻഡല്ല, പുകയുന്ന ജനരോഷം’; പ്രതിപക്ഷം ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ശശി തരൂർ
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർശനമായ നിയന്ത്രണങ്ങൾക്കിടയിലും ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന കൂട്ടായ്മ അതിവേഗം വളരുകയാണ്. ഇവരുടെ പ്രധാന സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ചെങ്കിലും, അതിന് പകരമായി ആരംഭിച്ച പുതിയ അക്കൗണ്ടിലേക്കും ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. സിജെപിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിന് പൂട്ടിട്ട നടപടി രാജ്യവ്യാപകമായി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ കോൺഗ്രസ് എംപി ശശി തരൂരും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടിയെ തികച്ചും ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച തരൂർ, യുവാക്കൾക്ക് തങ്ങളുടെ വികാരങ്ങൾ സ്വയം പ്രകടിപ്പിക്കാനുള്ള വേദികൾ വേണമെന്ന് അഭിപ്രായപ്പെട്ടു.
ഇൻസ്റ്റാഗ്രാമിൽ മാത്രം 19 ദശലക്ഷത്തിലധികം (1.9 കോടി) ഫോളോവേഴ്‌സുള്ള ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പെട്ടെന്നുള്ള ഈ വളർച്ചയിൽ തനിക്ക് വലിയ കൗതുകം തോന്നിയതായി കോൺഗ്രസ് എംപി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഈ പാർട്ടിയുടെ എക്‌സ് അക്കൗണ്ട് അധികൃതർ മരവിപ്പിച്ചത്. “യുവാക്കളുടെ ഉള്ളിലെ നിരാശ എനിക്ക് കൃത്യമായി മനസ്സിലാകും. അവർ എന്തുകൊണ്ടാണ് ഈ പ്രസ്ഥാനത്തോട് യോജിക്കുന്നതെന്ന് വ്യക്തമായി കാണാനും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് എക്‌സ് അക്കൗണ്ട് പൂട്ടിയ നടപടി വിനാശകരവും തികച്ചും വിവേകശൂന്യവുമാണെന്ന് ഞാൻ പറയുന്നത്. യുവാക്കൾക്ക് അവരുടെ പ്രതികരണങ്ങൾ പ്രകടിപ്പിക്കാൻ ഒരു വഴി ഉണ്ടായിരിക്കണം. സിജെപിയുടെ അക്കൗണ്ട് അടച്ചുപൂട്ടുന്നതിന് പകരം അത് സാധാരണ പോലെ പ്രവർത്തിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. ഒരു ജനാധിപത്യ സമൂഹത്തിന് വിയോജിപ്പുകൾക്കും ഹാസ്യത്തിനും പരിഹാസത്തിനും, എന്തിനേറെ നിരാശ പ്രകടിപ്പിക്കുന്നതിനും പോലും കൃത്യമായ വഴികൾ ആവശ്യമാണ്,” തരൂർ കൂട്ടിച്ചേർത്തു.
“ഈ പ്രസ്ഥാനത്തിൻ്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ എനിക്ക് ഉറപ്പില്ല. എന്നാൽ ഇതിന് പിന്നിൽ അണിനിരന്നിരിക്കുന്ന യുവാക്കൾ ഈ ഊർജത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ ഒരു വഴി കണ്ടെത്തുമെന്നോ, അല്ലെങ്കിൽ മാറ്റത്തിൻ്റെ ശക്തമായ ശബ്ദമാകാൻ തങ്ങളുടെ വോട്ടവകാശത്തിലൂടെ അത് പ്രകടിപ്പിക്കുമെന്നോ ഞാൻ പ്രത്യാശിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവരെ ആർക്കും ഒട്ടും അവഗണിക്കാൻ കഴിയാതെയാകും.”
വളരെ വേഗത്തിൽ വൈറലായ ഈ പ്രവണത ഗൗരവമായി ശ്രദ്ധിക്കണമെന്നും യുവാക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കണമെന്നും പ്രതിപക്ഷ പാർട്ടികളോട് അദ്ദേഹം നിർദേശിച്ചു. ഈ രാഷ്ട്രീയ സാഹചര്യം കൃത്യമായി മുതലാക്കണം എന്ന ഉപദേശത്തോടെയാണ് തരൂർ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. “പ്രതിപക്ഷം തീർച്ചയായും ഉപയോഗപ്പെടുത്തേണ്ട വലിയൊരു അവസരമാണിത്,” കോൺഗ്രസ് എംപി വ്യക്തമാക്കി.